കാസര്‍കോട്: വടക്കന്‍ കേരളത്തിലെ പ്രശസ്ത മാനവികോത്സവമായ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ബുധനാഴ്ച ആരംഭിക്കും. 11 ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിനു ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ടി.എ മഹമൂദ് ഹാജി കല്‍ക്കണ്ടി നാളെ രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തും. ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മതപ്രഭാഷണ പരമ്പര രാത്രി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, മംഗലാപുരം-ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ പ്രസംഗിക്കും. മദനീയം, ബുര്‍ദ മജ്‌ലിസ്, മജ്‌ലിസുന്നൂര്‍ എന്നിവയും ഉറൂസിനോടനുബന്ധിച്ചു വിവിധ ദിവസങ്ങളില്‍ നടക്കും. കര്‍ണ്ണാടക-കേരള സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയിരക്കണക്കിനാളുകള്‍ ഉറൂസിനെത്തും.
ഉറൂസിനും ഭക്തജനങ്ങള്‍ക്കും വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞതായി ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ടി.എ മഹ്‌മൂദ് ഹാജി കല്‍ക്കണ്ടി, ട്രഷറര്‍ അഷ്‌റഫ് സി.എം, സെക്രട്ടറി എന്‍.എം സുബൈര്‍, ജമാഅത്ത് സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ ഇഖ്ബാല്‍, ഹമീദ് നെല്ലിക്കുന്ന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.








