തിരുവനന്തപുരം: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ജനുവരി 5 തിങ്കളാഴ്ച 75-ാം പിറന്നാള്‍. 1500ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജഗതി അച്ഛന്റെ നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദ്രാസില്‍ കുറച്ചുകാലം മെഡിക്കല്‍ റപ്രസന്റേറ്റീവ് ആയി ജോലി ചെയ്തു വരുന്നതിനിടയിലാണ് സിനിമാരംഗത്തെത്തിയത്. ‘ചട്ടമ്പികല്യാണി’ എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടിപ്പയ്യന്റെ വേഷമായിരുന്നു. പ്രസ്തുത വേഷം ജഗതി ശ്രീകുമാര്‍ എന്ന നടന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. പിന്നീട് ഒരിക്കലും അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതുല്യ നടനായി ഉയര്‍ന്ന ജഗതി 1984 മുതല്‍ 1990 വരെ സബ് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്നു.
പക്ഷെ 2012 മാര്‍ച്ച് 10ന് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം ദേശീയ പാതയില്‍ ഉണ്ടായ വാഹനാപകടം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചു. ഗുരുതരമായി പരിക്കേറ്റ ജഗതി ഒരു വര്‍ഷക്കാലം ആശുപത്രിയില്‍ കഴിഞ്ഞു. ഇപ്പോഴും അദ്ദേഹം പൂര്‍വ്വ സ്ഥിതിയില്‍ എത്തിയിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു പിറന്നാള്‍ ദിനം കൂടിയെത്തിയത്.







