കാസര്‍കോട്: വൊര്‍ക്കാടി, കൊട്‌ലമുഗറു, സുള്ള്യമയിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മംഗ്‌ളൂരു, കുംപള ലക്ഷ്മിഗുഡ്ഡയിലെ ഗീതാജ്ഞലി നിലയത്തില്‍ മല്ലികാര്‍ജ്ജുന (65), തെക്കോട്ട് വാടക വീട്ടില്‍ താമസിക്കുന്ന എസ് ഗണേശ (49), വൊര്‍ക്കാടി ബാക്രബയലിലെ ജനാര്‍ദ്ദന (67) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. കോഴിക്കെട്ട് സ്ഥലത്തു നിന്നു 3220 രൂപയും ഒരു അങ്കക്കോഴിയെയും കസ്റ്റഡിയിലെടുത്തതായി മഞ്ചേശ്വരം പൊലീസ് അറിയിച്ചു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം വെള്ളിയാഴ്ച വൈകുന്നേരം നാലരമണിയോടെ സുള്ള്യമയിലെ കള്ളുഷാപ്പിനു സമീപത്തെ കോഴിക്കെട്ട് കേന്ദ്രത്തില്‍ എത്തിയത്. പൊലീസിനെ കണ്ടതോടെ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ചിതറിയോടി. ഇതിനിടയിലാണ് മൂന്നു പേരെ ഓടിച്ചിട്ട് പിടികൂടിയത്. പൊലീസ് സംഘത്തില്‍ എസ് ഐ മാരായ വൈഷ്ണവ് രാമചന്ദ്രന്‍, ശബരി കൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിനേശന്‍, സിവില്‍ ഓഫീസര്‍ പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.
പത്തു ദിവസത്തിനുള്ളില്‍ മൂന്നു കോഴിക്കെട്ട് കേന്ദ്രങ്ങളിലാണ് മഞ്ചേശ്വരം പൊലീസ് റെയ്ഡ് നടത്തിയത്. ആദ്യ രണ്ടു റെയ്ഡുകളില്‍ ഒന്നര ലക്ഷത്തോളം രൂപയുമായി പത്തോളം പേരെയാണ് അറസ്റ്റു ചെയ്തിരുന്നത്. പന്തയം വച്ച് നടത്തുന്ന കോഴിക്കെട്ടില്‍ പങ്കെടുക്കുന്നതിന് കര്‍ണ്ണാടകയില്‍ നിന്നുള്ളവരടക്കം ഉള്ളവര്‍ എത്തുന്നതായി പൊലീസ് പറഞ്ഞു.







