കുമ്പള: പൂഴികടത്തിനുപയോഗിക്കുന്ന ടിപ്പറുകളുടെ ആര്‍സി ഓണര്‍മാരെ അറസ്റ്റു ചെയ്യുന്നതിനു പൊലീസ് നീക്കമാരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കുമ്പള, മൊഗ്രാല്‍ അണ്ടര്‍പാസുകളില്‍ വച്ചു മണല്‍ കടത്തുകയായിരുന്ന രണ്ടു ടിപ്പറുകള്‍ ജീപ്പ് കുറുകെയിട്ടു പൊലീസ് പിടികൂടിയെങ്കിലും ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ലോറി ഉടമകളെ കേസില്‍ പ്രതി ചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും എസ്‌ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചിട്ടുള്ളത്. പുഴയില്‍ നിന്നു മണല്‍ തോണികള്‍ പിടിച്ചാലും കടവുകളിലും റോഡുകളില്‍ നിന്നും മണല്‍ ലോറികള്‍ പിടികൂടിയാലും അതുമായി ബന്ധപ്പെട്ടവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനെതിരെ ജനങ്ങള്‍ക്കു സംശയത്തിനിടയാക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങളിലെ ജീവനക്കാരുടെ പേര് ആര്‍സി ഉടമകള്‍ വ്യക്തമാക്കിയാല്‍ അവര്‍ക്കെതിരെ കൂടി കേസും നടപടികളുമെടുക്കും. അല്ലാത്ത പക്ഷം നടപടികള്‍ ആര്‍സി ഉടമകള്‍ അനുഭവിക്കേണ്ടി വരും.
മണല്‍ കടത്തിനെതിരെ നടപടികള്‍ പൊലീസ് കര്‍ശനമാക്കുന്നുണ്ടെങ്കിലും പൂഴി മാഫിയ വലയില്‍ നിന്നു വഴുതിമാറുന്നതും അവരെ പിടികൂടാന്‍ പൊലീസില്‍ നിന്നുണ്ടാവുന്ന വീഴ്ചകളും മണല്‍ മാഫിയ പ്രവര്‍ത്തനം രൂക്ഷമാക്കുന്ന സാഹചര്യങ്ങളിലാണ് പൊലീസ് അടവു നയം മാറ്റുന്നത്.







