കാസര്‍കോട്: മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയതും സംഘടിത സമൂഹമായി അവരെ മുന്നോട്ട് നയിക്കുകയും ചെയ്തതു സമസ്തയുടെ കര്‍മഫലമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഇതിന്റെ ഫലം മറ്റു സമൂഹങ്ങള്‍ക്ക് കൂടി പലതരത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കേരളീയ മുസ്ലിം നവോത്ഥാനത്തെിന്റെ ദിശ നിര്‍ണ്ണയിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുസ്ലിം ജമാഅത്തിന്റെ കേരളാ യാത്രക്ക് ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു കാന്തപുരം.
നേട്ടങ്ങളും പുരോഗതിയും നിലനിര്‍ത്താന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്-അദ്ദേഹം പറഞ്ഞു. അറേബ്യയില്‍ നിന്ന് വന്ന മാലിക് ഇബ്‌നു ദീനാറും സംഘവും സത്യസന്ധരും സത്സ്വഭാവികളുമായിരുന്നു. ഇവിടുത്തെ ഭരണാധികാരികള്‍ സ്‌നേഹാദരങ്ങളോടെയാണ് അവരെ വരവേറ്റത്.
ഇസ്ലാം സ്‌നേഹമാണ്, ലോകത്ത് എല്ലാ മതസ്ഥര്‍ക്കും ജീവിക്കാനും സ്വന്തം ആദര്‍ശം മറ്റുള്ളവരെ മുറിവേല്‍പിക്കാതെ പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. എല്ലാവരുമായും നന്മയില്‍ വര്‍ത്തിക്കാനാണ് ഇസ്ലാമിന്റെ അധ്യാപനം. എല്ലാവരും മനുഷ്യരാണെന്ന പരിഗണന നാം കൈവിട്ടു പോകാന്‍ പാടില്ല. സ്വസ്ഥ ജീവിതം എല്ലാവരുടെയും അവകാശമാണ്. ഒരു നാടിന് ഏറ്റവും കൂടുതല്‍ വേണ്ടത് പുരോഗതിയും സമാധാനവുമാണ്. സമാധാന സന്ദേശങ്ങള്‍ പരസ്പരം കൈമാറാനും പട്ടിണി മാറ്റി പാവപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താനുമാണ് പ്രവാചകര്‍ ഓര്‍മപ്പെടുത്തിയത്.
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം. രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എ. കെ.എം അഷ്‌റഫ്, വിവേകാനന്ദ സരസ്വതി, ഫാദര്‍ മാത്യു ബേബി, എം.അബ്ദുല്‍റഹ്‌മാന്‍, പി.കെ ഫൈസല്‍, ഹക്കീം കുന്നില്‍, ഹര്‍ഷാദ് വോര്‍കാടി സംബന്ധിച്ചു. പ്രമുഖ മത പണ്ഡിതന്മാര്‍ പങ്കെടുത്തു. ഉള്ളാളില്‍ നിന്നാരംഭിച്ച യാത്ര ഈ മാസം 16നു തിരുവനന്തപുരത്തു സമാപിക്കും.







