കാസര്‍കോട്: ചെറുവത്തൂരിലെ ഫോട്ടോഗ്രാഫറെ സ്‌കൂട്ടര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ചെറുവത്തൂര്‍ ടൗണിലെ സിയാ സ്റ്റുഡിയോ ഉടമയും തിമിരി മനത്തടം സ്വദേശിയുമായ കെപി സതീശ(61)ന് നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാവിലെ വീടിന് സമീപത്തുവച്ചാണ് സംഭവം. പരിക്കേറ്റ സതീശനെ ചെറുവത്തൂരിലെ ഗവ.ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അയല്‍വാസി
നവനീത് ആണ് ആക്രമിച്ചതെന്ന് സതീശന്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി നവനീതിന്റെ വീട്ടില്‍ കുടുംബ തര്‍ക്കം നടന്നിരുന്നു. സംഭവമറിഞ്ഞ് സതീശനടക്കമുള്ള ആളുകള്‍ നവനീതിന്റെ വീട്ടിലെത്തിയിരുന്നു. നവനീതിന്റെ അടിയേറ്റ് വീണ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചപ്പോള്‍ വീടിന് പരിസരത്ത് കൂടിനിന്നവര്‍ക്ക് നേരെ നവനീത് എറിഞ്ഞ കല്ല് കൊണ്ടത് സതീഷിന്റെ ദേഹത്തായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ചെന്ന സതീശന്റെ മകള്‍ സിയയെ(17) നവനീത് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് ബുധനാഴ്ച സതീശനെ സ്‌കൂട്ടറിടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. ഇടിച്ചിട്ട ശേഷം നെഞ്ചത്ത് ചവിട്ടിയതായും സതീശന്‍ പറയുന്നു. അക്രമത്തില്‍ ഫോട്ടോഗ്രാഫറുടെ ചുണ്ടിനും കണ്ണിനു താഴെയും പരിക്കുണ്ട്. ചവിട്ടും കുത്തുമേറ്റ് നെഞ്ചുവേദന അനുഭവപ്പെട്ടതോടെയാണ് സതീശനെ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഹൃദയസംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സയിലുള്ള ആളുകൂടിയാണ് സതീശന്‍.







