കാസര്‍കോട്: പത്തുലക്ഷം രൂപ നല്‍കാത്ത വിരോധത്തില്‍ ബൈക്കു യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക, തവിടുഗോളി ക്രോസിലെ അബ്ദുല്‍ തന്‍സീഫ് (26), കടമ്പാറിലെ അബ്ദുല്‍ റസാഖ് (42) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച കാറും അതിനു അകത്തുണ്ടായിരുന്ന വാളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
ഉപ്പള, കോടിബയല്‍ ഹൗസിലെ സക്കറിയ (61)ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങിനെ: ” ഞായറാഴ്ച വൈകുന്നേരം വൊര്‍ക്കാടി, കുമേറുവിലെ തറവാട്ടു വീട്ടില്‍ പോയി ബൈക്കില്‍ ഉപ്പളയിലേക്ക് തിരിച്ചു വരികയായിരുന്നു സക്കറിയ. ഗാന്ധി നഗറില്‍ എത്തിയപ്പോള്‍ കാറിലെത്തിയ രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. കഴുത്തിനു നേരെ വാള്‍ കൊണ്ട് വീശിയപ്പോള്‍ തട്ടിമാറ്റിയില്ലാരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നു. 10 ലക്ഷം രൂപ കൊടുക്കാത്ത വിരോധമാണ് അക്രമത്തിനു കാരണമായത്”.








