കണ്ണൂർ: കൊട്ടിയൂരിൽ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേഷാ(50)ണ് മരിച്ചത്. സംഭവത്തിൽ കൊട്ടിയൂർ പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച നാട്ടുകാരും വനം വകുപ്പും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബാവലി പുഴയിൽ നിന്ന് നാലര കിലോമീറ്റർ അകലെ ഉൾവനത്തിൽ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ഭാര്യ വീട്ടിൽ വച്ച് രാജേഷ് സ്വയം കുത്തി പരിക്കേൽപ്പിച്ച് വനത്തിലേക്ക് ഓടി മറഞ്ഞത്. വിവരത്തെ തുടർന്ന് വനംവകുപ്പും പൊലീസും നാട്ടുകാരും സംയുക്ത പരിശോധന നടത്തിയിരുന്നു. രാജേഷിന്റെ രക്തംപുരണ്ട ഷർട്ട് വനഭാഗത്തുനിന്ന് കണ്ടെത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും തിരച്ചിൽ നടത്തിയെങ്കിലും രാജേഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല. വലിയ മരത്തിന് താഴെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൃതദേഹം കണ്ടെത്തിയത്. മരത്തിൽ കയറിയപ്പോൾ താഴെ വീണു മരിച്ചതാകാം എന്നും സംശയിക്കുന്നു. വനത്തിൽ നിന്ന് പുറത്തെത്തിച്ച മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവർ ആണ് രാജേഷ്. കുടുംബ പ്രശ്നവും മാനസിക അസ്വാസ്ഥ്യവുമാണ് കഴുത്തു മുറിക്കാൻ കാരണമെന്നാണു പൊലീസ് നിഗമനം. ഹസീനയാണ് ഭാര്യ. ആദർശ്, രാഹുൽ എന്നിവർ മക്കളാണ്.







