കാസര്‍കോട്: ബേക്കല്‍ ഫെസ്റ്റിലെ ജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍ അറിയിച്ചു. തിങ്കളാഴ്ച വേടന്റെ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും ഉണ്ടാവുകയും നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇന്നും നാളെയും ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും. ബീച്ച് ഫെസ്റ്റ് നടക്കുന്ന പാര്‍ക്കിലും പരിസരങ്ങളിലും ദുരന്തം ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.







