കാസര്‍കോട്: ഒരിടവേളയ്ക്ക് ശേഷം കുമ്പളയില്‍ വീണ്ടും കവര്‍ച്ച. സോണാബസാര്‍ ജ്വല്ലറി ഉടമ പരേതനായ മമ്മിഞ്ഞി ഹാജിയുടെ കുമ്പള ടൗണിലുള്ള വീട്ടില്‍ ഞായറാഴ്ചയാണ് കവര്‍ച്ച നടന്നത്. മമ്മിഞ്ഞി ഹാജിയുടെ ഭാര്യ സൈനബയും മകന്‍ റിസ്വാനും ഭാര്യയും ചെങ്കളയിലെ ബന്ധുവീട്ടില്‍ നടന്ന കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുടുംബം വീടുപൂട്ടി ഇറങ്ങിയത്. രാത്രി 12മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടു കുത്തിത്തുറന്നനിലയില്‍ കാണപ്പെട്ടത്. മുന്‍വശത്തെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ രണ്ടു അലമാരകള്‍ കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിടുകയും വിലപിടിപ്പുള്ള രണ്ടു വാച്ചുകള്‍ കവര്‍ച്ച ചെയ്തുമാണ് രക്ഷപ്പെട്ടത്. അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് രണ്ടു വാതിലുകളുടെയും പൂട്ടുകളുമായറ കവര്‍ച്ചക്കാര്‍ കടന്നു കളഞ്ഞത്.
കുമ്പള ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറിക്കടയിലും ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നു. കുണ്ടങ്കേരടുക്കയിലെ രമേശ് നായികിന്റെ കടയാണിത്. പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ 6000 രൂപയുടെ നാണയങ്ങള്‍ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. രമേശ് നായികിന്റെ കടയില്‍ ഇത് നാലാം തവണയാണ് കവര്‍ച്ച നടക്കുന്നത്. ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങി.







