കാസര്‍കോട്/മൈസൂരു: ഹുന്‍സൂര്‍ പട്ടണത്തിലെ സ്‌കൈ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. മുഖം മൂടി ധരിച്ച് ജ്വല്ലറിയിലേക്ക് ഇരച്ചു കയറിയ സംഘം മാനേജരടക്കമുള്ള ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം ,വജ്രം ആഭരണങ്ങളുമായി കടന്നു കളഞ്ഞു. കൊള്ള സംഘം രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. സംശയകരമായ സാഹചര്യത്തില്‍ വാഹനങ്ങളെയോ, ആളുകളെയോ കണ്ടാല്‍ അറിയിക്കണമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഹുന്‍സൂര്‍ ടൗണ്‍ ബസ് സ്റ്റാന്റിനു സമീപത്തെ സ്‌കൈ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. മുഖം മൂടി ധരിച്ച് എത്തിയ അഞ്ചംഗ സംഘം ജ്വല്ലറിയിലേക്ക് അതിക്രമിച്ചു കയറിയത്. അക്രമി സംഘത്തിലെ ഒരാള്‍ മാനേജരേയും പത്തോളം ജീവനക്കാരായേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി നിര്‍ത്തി. ഇതിനിടയില്‍ മറ്റു നാലു പേര്‍ ആഭരണങ്ങള്‍ ബാഗുകളിലാക്കിയ ശേഷം നാടകീയമായി രക്ഷപ്പെടുകയായിരുന്നു. രണ്ടു ബൈക്കുകളിലായാണ് കൊള്ള സംഘം എത്തിയത്. കൊള്ളയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് സൂപ്രണ്ട് വിഷ്ണുവര്‍ധന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഘം കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ കര്‍ണ്ണാടക പൊലീസ് ജാഗ്രതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. സമാനരീതിയില്‍ നേരത്തെ ജ്വല്ലറി കൊള്ളയടിച്ച സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.







