മലപ്പുറം: കയത്തില്‍ നിന്നു സ്വര്‍ണ്ണത്തരികള്‍ അരിച്ചെടുക്കുന്നതിനായി വനത്തില്‍ അതിക്രമിച്ച് കയറിയ സംഘം അറസ്റ്റില്‍. വനം വകുപ്പ് ഇന്റലിജന്‍സിനും നിലമ്പൂര്‍ ഡിഎഫ്ഒ ധനേഷിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആമക്കയത്ത് വച്ച് ഏഴംഗ സംഘം അറസ്റ്റിലായത്. ഇവരില്‍ നിന്ന് സ്വര്‍ണ്ണംഅരിച്ചെടുക്കാനുള്ള ഉപകരണവും മോട്ടോര്‍ പമ്പും പിടികൂടി. വെള്ളം പമ്പു ചെയ്തു നീക്കി സ്വര്‍ണ്ണ അയിരുകള്‍ അരിച്ചെടുക്കുന്നതിനാണ് മമ്പാട്, പുള്ളിപ്പാടം സ്വദേശികളായ സംഘം നിലമ്പൂര്‍ വനത്തില്‍ കയറിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഘത്തെ ജാമ്യത്തില്‍ വിട്ടയച്ചു.
സ്വര്‍ണ്ണവില അനുദിനം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയില്‍ സംഘം വനത്തില്‍ അതിക്രമിച്ചു കയറി സ്വര്‍ണ്ണത്തരികള്‍ അരിച്ചെടുക്കാന്‍ നടത്തിയ ശ്രമം ഫോറസ്റ്റ് അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.







