മൊഗ്രാല്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന മൊഗ്രാലില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പൊലീസ്. എ.എസ്പി ഡോ.നന്ദഗോപന്റെ നേൃത്വത്തിലാണ് കലോല്‍സവ നഗരിയില്‍ സുരക്ഷാവലയമൊരുക്കിയിരിക്കുന്നത്. 12 വേദികളില്‍ 90 ഓളം പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. കുമ്പള എസ്എച്ച്ഒ ടികെ മുകുന്ദനും സൈബര്‍ സെല്‍ ഐപി ജിജേഷും രണ്ടു സോണുകളെ നിയന്ത്രിക്കും. എസ്.ഐമാരായ പ്രദീപ് കുമാറും കെ ശ്രീജേഷും കലോല്‍സവ പരിസരത്തെ പൊലീസിനെ നിയന്ത്രിക്കും. മഫ്തിയിലും പൊലീസുകാര്‍ സ്ഥലത്തുണ്ട്. പാര്‍ക്കിങ്ങിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം, റോഡരികിലോ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്, പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സംഘാടകരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും സഹകരിക്കണം, വേദികളിലും പരിസരത്തും അനാവശ്യമായി കൂട്ടം കൂടി നിന്ന് തിക്കും തിരക്കും സൃഷ്ടിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെയാണ് ഇവിടെ കലോല്‍സവം നടക്കുന്നത്. കലാമേളയില്‍ 3953 ഓളം കൗമാര പ്രതിഭകള്‍ മല്‍സരങ്ങളില്‍ മാറ്റുയ്ക്കും.







