കാസര്‍കോട്: എന്‍മകജെ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളുടെ രാജി മണ്ഡലം ലീഗ് കമ്മിറ്റി നിരസിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ വിവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനും സംഘടനാ പ്രവര്‍ത്തനം സജീവമാക്കാനും പാര്‍ട്ടി നേതൃത്വം പഞ്ചായത്ത് ഭാരവാഹികളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചു.
പതിനെട്ടംഗ പഞ്ചായത്ത് ബോഡില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നാലു വീതം അംഗങ്ങളാണുള്ളത്. ഇതിനെ തുടര്‍ന്നു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന് ലീഗ് അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ തല്‍സ്ഥാനം വിട്ടു നല്‍കാനാവില്ലെന്നും മുന്‍ കാലങ്ങളിലെപ്പോലെ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം കൂടി എടുത്തുകൊള്ളാന്‍ മുസ്ലിംലീഗ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. തര്‍ക്കം തുടര്‍ന്നു കൊണ്ടിരിക്കെ മുസ്ലിം ലീഗ് അംഗത്തെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കുകയും മുസ്ലിം ലീഗിലെ മറ്റ് അംഗങ്ങളും കോണ്‍ഗ്രസും അദ്ദേഹത്തെ വോട്ടു ചെയ്തു വിജയിപ്പിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ രാജി വച്ചത്. ലീഗ് പ്രവര്‍ത്തകരും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും രാജി ഭീഷണി മുഴക്കുകയും വാട്‌സ് ആപില്‍ കോണ്‍ഗ്രസിനെതിരെ പ്രകോപന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. അതിപ്പോഴും തുടരുകയാണ്. അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് ആരോപണങ്ങളും ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ധാരണയാക്കിയിരുന്നതായും പറയുന്നു.
വിവാദം തുടര്‍ന്നാല്‍ അതു പഞ്ചായത്തിലും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലും വലിയ പ്രശ്‌നങ്ങള്‍ക്കു വഴി വെക്കുമെന്ന് ഇരു പാര്‍ട്ടി നേതൃത്വവും അറിയുന്നുണ്ടെങ്കിലും അതിനെതിരെയുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും ലീഗിനു ഭൂരിപക്ഷമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിനെ അവഗണിക്കുന്ന സംഭവങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തു കാണിക്കുന്നു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ഈ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിനെ ഇല്ലാതാക്കിയ സംഭവവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തു കാട്ടുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം ലീഗിനോട് കാണിച്ച ഈ ഉദാര സമീപനത്തിന്റെ ഫലമായി മഞ്ചേശ്വരം ബ്ലോക്ക്, മംഗല്‍പാടി പഞ്ചായത്ത് തുടങ്ങി പലേടങ്ങളിലും തിരഞ്ഞെടുപ്പിനു മുമ്പു കോണ്‍ഗ്രസ് ഭാരവാഹികള്‍ രാജി വച്ചിരുന്നു.







