കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ സി.കെ സബിത തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് സി.കെ സബിത പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. 19 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ ഡി എഫും യു ഡി എഫും ഒന്‍പതു വീതം സീറ്റുകളാണ് നേടിയത്. ഒരു സീറ്റ് ബി ജെ പിക്കാണ്. ബി ജെ പി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതിനാലാണ് നറുക്കെടുപ്പിലൂടെ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തതിനാല്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. കോണ്‍ഗ്രസ്- ബി ജെ പി അംഗങ്ങള്‍ വിട്ടു നിന്നതിനാല്‍ ശനിയാഴ്ചത്തെ ഭരണ സമിതി യോഗത്തില്‍ കോറം തികഞ്ഞില്ല. തുടര്‍ന്നാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.
ഞായറാഴ്ച നടന്ന മാരത്തണ്‍ ചര്‍ച്ചയിലാണ് ഉഷ എന്‍ നായരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാനും കല്യോട്ടെ ബാബുരാജിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനിച്ചത്. കോളോത്ത് വാര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എ കൃഷ്ണനാണ് സി പി എമ്മിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.







