കോഴിക്കോട്: ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. ഫറോക്ക് സ്വദേശി ജബ്ബാറിന്റെ ഭാര്യ മുനീറയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചത്. ഡിസംബർ 24-ന് നടന്ന ആക്രമണത്തിൽ വെട്ടുകത്തി കൊണ്ടുള്ള മാരകമായ മുറിവുകളേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇവർ. സംഭവത്തിൽ ഭർത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് മുനീറയെ ജബ്ബാർ ക്രൂരമായ ആക്രമിച്ചത്. തലയ്ക്കടക്കം പരുക്കേറ്റിരുന്നു. ജബ്ബാർ ലഹരിക്കടിമയാണെന്നും നേരത്തെയും സമാനമായ ആക്രമണം നടത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ബന്ധം വേർപ്പെടുത്താൻ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും മുനീറ തന്നെ മുൻകൈ എടുത്ത് ബന്ധം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയിലും മുനീറ ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നു. സംഭവ ദിവസം തന്നെ ജബ്ബാറിനെ പൊലീസ് പിടികൂടിയിരുന്നു. മുനീറയുടെ മരണത്തോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും.







