തിരുവനന്തപുരം: പെണ്‍കുട്ടികളെ കമന്റടിച്ച് ശല്യംചെയ്തത് പരാതിപ്പെട്ടതിന് വീടുകയറി 11കാരി പെണ്‍കുട്ടിയുടെ തല തല്ലിത്തകര്‍ത്ത പ്രതിയെ വിവിധ വകുപ്പുകളിലായി 13 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. വര്‍ക്കല ചെമ്മരുതി മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനി സ്വദേശി 43കാരനായ ഗിരീഷിനെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷംകൂടി അധിക തടവ് അനുഭവിക്കണം. 2011 ജൂണ്‍ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും സഹോദരിയും സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും പ്രതി നിരന്തരം അശ്ലീല ചുവയുള്ള കമന്റ് പറഞ്ഞ് അവരെ ശല്യംചെയ്തിരുന്നു. ഇതിനെതിരേ കുട്ടികളുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തതിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി മാതാവിനെയും കുട്ടികളെയും വീടുകയറി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിലാണ് പെണ്‍കുട്ടിയുടെ തല തകര്‍ന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കിയതിനെത്തുടര്‍ന്നാണ് ജീവന്‍ തിരിച്ചുകിട്ടിയത്. മകളുടെ പ്രായമുള്ള കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകടന്ന് തല തകര്‍ത്ത പ്രതി നിയമത്തിന്റെ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.







