ബദിയഡുക്ക: ബദിയഡുക്കയില്‍ കോണ്‍ഗ്രസ് മെമ്പര്‍ ശ്യാമപ്രസാദ് മാന്യ മുസ്ലീംലീഗിലെ മാഹിന്‍ കേളോട്ടിനെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചു.
ശ്യാമപ്രസാദിന്റെ കടുംപിടിത്തത്തിന് ലീഗ് നേതൃത്വം കീഴടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശ്യാമപ്രസാദിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇന്നലെ രാത്രി വീണ്ടും നടന്ന യു ഡി എഫ് യോഗത്തില്‍ മുസ്ലീലീഗ് സമ്മതിച്ചു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കോണ്‍ഗ്രസ് ജില്ലാ നേതാവ് എ ഗോവിന്ദന്‍ നായര്‍, ഇരുപാര്‍ട്ടികളുടെയും പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗമാണ് തീരുമാനമെടുത്തത്. ധാരണ അനുസരിച്ചു പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പില്‍ ശ്യാമനു ലഭിച്ചാല്‍ ഒരു വര്‍ഷത്തിനു ശേഷം മാഹിന്‍ കേളോട്ടിനു കൈമാറണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ ഈ വ്യവസ്ഥക്ക് ഒരു സാധുതയുമില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. നറുക്കെടുപ്പിലൂടെ ശ്യാമന്‍ പ്രസിഡന്റായാല്‍ അഞ്ചുവര്‍ഷവും ആ സ്ഥാനം തുടരാനുള്ള അവകാശവും അവസരവും ശ്യാമനാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.ശ്യാമനെ പുറത്താക്കണമെങ്കില്‍ ഭൂരിപക്ഷ പിന്തുണ ആവശ്യമാണ്. അവിശ്വാസം കൊണ്ടുവരണമെങ്കില്‍ ഭൂരിപക്ഷ പിന്തുണ വേണം. അതെന്തായാലും അടുത്ത അഞ്ചു വര്‍ഷത്തേക്കു ബദിയഡുക്കയില്‍ നടക്കാന്‍ പോകുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതൊക്കെ നറുക്കെടുപ്പു ശ്യാമപ്രസാദിന് അനുകൂലമായാലുള്ള കാര്യങ്ങളാണെന്നും എന്നാല്‍ നറുക്കെടുപ്പ് ആരെ തുണക്കുമെന്ന് എങ്ങനെയാണ് പ്രവചിക്കുകയെന്നും ലീഗ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യു ഡി എഫിനും ബി ജെ പിക്കും പത്ത് വീതം അംഗങ്ങളാണുള്ളത്. സി പി എമ്മിന് ഒരംഗമുണ്ട്. യു ഡി എഫില്‍ മുസ്ലീംലീഗിന് ആറും കോണ്‍ഗ്രസിന് നാലും അംഗങ്ങളാണുള്ളത്.







