കാസര്‍കോട്: ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം റിബലായി മത്സരിച്ചു വിജയിച്ച മുസ്തഫ ഹാജി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ നേടിയാണ് മുസ്തഫ ഹാജി പ്രസിഡണ്ടായത്. 17 അംഗങ്ങളാണ് ദേലംപാടി പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ അഞ്ചുവീതം സീറ്റുകളില്‍ ബിജെപിയും എല്‍ഡിഎഫും വിജയിച്ചു. യുഡിഎഫ് പിന്തുണയോടെ മുസ്തഫ ഹാജിക്ക് ഏഴു വോട്ടുകളോടെ വിജയം ഉറപ്പിച്ചു. രാവിലെ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മുസ്തഫ ഹാജിക്ക് ഏഴും ബിജെപിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്ക് അഞ്ചും സിപിഎമ്മിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ തിമ്മയ്യക്ക് അഞ്ചും വോട്ട് ലഭിച്ചു. തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ തിമ്മയ്യ പുറത്തായി. വീണ്ടും വോട്ടെടുപ്പ് നടന്നതോടെ സിപിഎം അംഗങ്ങള്‍ വിട്ടു നിന്നു. തുടര്‍ന്ന് വീണ്ടും നടന്ന വോട്ടെടുപ്പില്‍ മുസ്തഫ ഹാജിക്ക് ഏഴും ബിജെപിക്ക് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ഇതോടെ മുസ്തഫ ഹാജി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.







