കാസര്‍കോട്: ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ബോഡില്‍ ഭൂരിപക്ഷമുള്ള യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായി. പ്രസിഡന്റ് സ്ഥാനം ഇടതു മുന്നണിയിലെ പിവി രാജേന്ദ്രനു ലഭിച്ചു. ഇടതു മുന്നണിക്കു ഭാഗ്യം കയറി വന്നതു വിശ്വസിക്കാന്‍ കഴിയാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ അന്തംവിട്ടു.
ഉദുമ പഞ്ചായത്തു ബോഡില്‍ 23 അംഗങ്ങളാണ് ആകെയുള്ളത്. ഇതില്‍ 12 സീറ്റുകള്‍ യുഡിഎഫിനാണ്. സിപിഎമ്മിനു 11 അംഗങ്ങളുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചന്ദ്രന്‍ നാലാം വാതുക്കല്‍ തന്നെ അദ്ദേഹത്തിന്റെ വോട്ട് അസാധുവാക്കുകയായിരുന്നു. വോട്ടേഴ്‌സ് സ്ലിപ്പില്‍ വോട്ടും വോട്ടു ചെയ്യുന്ന അംഗത്തിന്റെ ഒപ്പും വേണമെന്നാണ് നിയമം. ചന്ദ്രന്‍ വോട്ട് ചെയ്തു. പക്ഷെ ഒപ്പിട്ടില്ല.
ഒപ്പിടാത്ത ബാലറ്റ് അസാധുവായതോടെ ചന്ദ്രനും രാജേന്ദ്രനും 11 വോട്ടു വീതമായി. സമനിലയെത്തുടര്‍ന്ന് നറുക്കെടുപ്പ് നടത്തുകയും അതില്‍ രാജേന്ദ്രന്‍ ചെങ്കൊടി ഉയര്‍ത്തുകയുമായിരുന്നു. ഇനി ആറുമാസം ഉദുമ പഞ്ചായത്ത് രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം ഭരിക്കും. അതു കഴിഞ്ഞ് അവിശ്വാസത്തിലൂടെ സിപിഎമ്മിനെ പുറത്താക്കാം. പക്ഷെ, അപ്പോഴും ഒരു വോട്ട് അസാധുവായാലോ?







