കോട്ടയം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണായി പാലാ നഗരസഭയില്‍ 21 കാരിയായ ദിയ ബിനു പുളിക്കക്കണ്ടം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്ര അംഗം ദിയ ബിനു പുളിക്കക്കണ്ടം ചെയര്‍ പേഴ്സണായത്. പാല എംഎല്‍എ മാണി സി കാപ്പന്‍ അടക്കം പ്രമുഖ യുഡിഎഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ദിയ ഒത്തിരി സന്തോഷം തോന്നുന്നുവെന്നും ജനങ്ങള്‍ നല്‍കിയ വിധിയാണ് ഇതെന്നും അവര്‍ ആഗ്രഹിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. പ്രതിപക്ഷവും തനിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയും ദിയ പങ്കുവച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്.
ബിനു പുളിക്കക്കണ്ടം പാലാ നഗരസഭയുടെ 14-ാം വാര്‍ഡിലും സഹോദരന്‍ ബിജു പുളിക്കക്കണ്ടം 13-ാം വാര്‍ഡിലും ബിനുവിന്റെ മകള്‍ ദിയ 15-ാം വാര്‍ഡിലുമായിരുന്നു ജനവിധി തേടിയത്. ഈ മൂന്ന് വാര്‍ഡുകളിലും യുഡിഎഫിന് സ്ഥനാര്‍ഥികളുണ്ടായിരുന്നില്ല. ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
ബിനു പുളിക്കക്കണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാര്‍ഡില്‍ നിന്നാണ് മകള്‍ ദിയ ജയിച്ചത്.
മുന്നണികള്‍ മാറിമാറി മത്സരിച്ച ചരിത്രമാണ് ബിനു പുളിക്കക്കണ്ടത്തിന്റേത്. കോണ്‍ഗ്രസ് പ്രതിനിധിയായാണ് ബിനു ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച് പാലായില്‍ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സഹോദരന്‍ ബിജുവായിരുന്നു എതിരാളി.
2020ല്‍ സിപിഎം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തിലായിരുന്നു ബിനുവിന്റെ മത്സരം. സിപിഎമ്മിന്റെ ചിഹ്നത്തില്‍ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. എന്നാല്‍ ജോസ് കെ മാണിയെ പരസ്യമായി വിമര്‍ശിച്ചിരുന്ന ബിനുവിന് കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഇത് ഏറെ ചര്‍ച്ചയായിരുന്നു. ഇത്തവണ ബിനു വീണ്ടും സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ബിജു പുളിക്കക്കണ്ടം ദീര്‍ഘനാള്‍ കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.







