ധാക്ക: കലാപം പുകയുന്ന ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 29 കാരനായ അമൃത് മൊണ്ടൽ എന്ന സാമ്രാട്ടാണ് കൊല്ലപ്പെട്ടത്. രാജ്ബാരിയിലെ പങ്ഷയിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അമൃത് മൊണ്ടലിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, കഴിഞ്ഞ വർഷം രാജ്യം വിട്ട ഇയാൾ കുറച്ച് ദിവസം മുൻപാണ് രാജ്യത്ത് തിരിച്ചെത്തിയതെന്നും പ്രദേശവാസികൾ അറിയിച്ചു.മോഷണ ശ്രമം ആരോപിച്ച് സാമ്രാട്ടിനെയും സംഘത്തെയും പിടികൂടുകയായിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് സാമ്രാട്ടിനെ പൊലീസ് രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അമൃതിനെ പാങ്ഷ ഉപ്സിലാ ഹെല്‍ത്ത് കോംപ്ലക്സിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അമൃത് മരിച്ചു. അതേസമയം, സമ്രാട്ടിൻ്റെ കൊലപാതകം വർഗീയമല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ബംഗ്ലാദേശ് സർക്കാർ അറിയിച്ചു. മൈമെന്‍സിങ്ങിലെ ഭലൂകയില്‍ തുണി നിര്‍മാണശാല ജീവനക്കാരനായ ദിപു ചന്ദ്രദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് സാമ്രാട്ടിൻ്റെയും കൊലപാതകം.ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു എന്ന് സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെയും, ആൾക്കൂട്ട അക്രമങ്ങളെയും, ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളെയും പിന്തുണയ്ക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. നിയമ നിർവഹണ ഏജൻസികൾ അന്വേഷണം തുടരുകയാണെന്നും സർക്കാർ കൂട്ടിച്ചേർത്തു.







