മംഗളൂരു: ക്രിസ്മസിന് നാട്ടിലേക്ക് പോകുന്ന യാത്രക്കാരെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ അമിത ചാര്‍ജ് ഈടാക്കി വ്യാപകമായി ചൂഷണം ചെയ്യുന്നതായി പരാതി. ക്രിസ്മസിനോടനുബന്ധിച്ച് ഇത്തവണ തുടര്‍ച്ചയായി നാലുദിവസം അവധിയായതിനാല്‍ ദൂരസ്ഥലങ്ങളിലുള്ള പലരും നാട്ടിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് ബസ് ചാര്‍ജുകള്‍ അമിതമായി വര്‍ദ്ധിപ്പിച്ചതെന്നാണ് പരാതി.
സാധാരണ ദിവസങ്ങളില്‍, ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്കുള്ള സീറ്റര്‍ ബസ് ടിക്കറ്റ് നിരക്ക് 475 രൂപയാണ്. നിലവില്‍ ഇത് 800 രൂപയായി ഉയര്‍ന്നു. എസി സ്ലീപ്പര്‍ ബസുകളുടെ ടിക്കറ്റ് ചാര്‍ജ് 3,222 രൂപയായി വര്‍ദ്ധിപ്പിച്ചു.
ഉത്സവകാലങ്ങളിലും തിരഞ്ഞെടുപ്പ് സമയങ്ങളിലും ഏര്‍പ്പെടുത്തുന്ന സ്വകാര്യ ബസ് നിരക്ക് വര്‍ദ്ധനവിനെതിരെ അധികൃതര്‍ കര്‍ശന നടപടിയെടുക്കണമെന്ന് യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കെയാണ് അനിയന്ത്രിതമായി ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതെന്നാണ് ആക്ഷേപം. അതേസമയം, ദീര്‍ഘദൂര യാത്രകള്‍ക്കുള്ള കെ.എസ്.ആര്‍.ടി.സി നിരക്കുകളില്‍ മാറ്റമില്ല. എന്നാല്‍ ബസ്സുകളുടെ പരിമിതി മൂലം കെ.എസ്.ആര്‍.ടി.സി യെ പൂര്‍ണ്ണമായും ആശ്രയിക്കാനാകാത്ത നിലയിലാണ് യാത്രക്കാര്‍.







