പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയില്‍ പണം മോഷ്ടിച്ചയാള്‍ പിടിയില്‍. തൃശൂര്‍, വെമ്പല്ലൂര്‍ സ്വദേശിയും താല്‍ക്കാലിക ജീവനക്കാരനുമായ കെ ആര്‍ രതീഷ് ആണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. ജോലിക്കിടയില്‍ 23,130 രൂപയാണ് ഇയാള്‍ അടിച്ചുമാറ്റിയത്. ഇയാള്‍ക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു.
ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രതീഷില്‍ നിന്നു 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്കുള്ളിലാണ് 500ന്റെ ആറു നോട്ടുകള്‍ തിരുകിവച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കാര്യം കണ്ടെത്തിയതോടെ ദേവസ്വം വിജിലന്‍സ് ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് 20,130 രൂപ കൂടി കണ്ടെടുത്തത്.
24 മണിക്കൂറും ക്യാമറാ നിരീക്ഷണവും പൊലീസ് കാവലും ഉള്ളതാണ് കാണിക്കുന്ന എണ്ണുന്ന സ്ഥലം.എന്നിട്ടും മോഷണം നടന്നത് എങ്ങിനെയെന്നു വ്യക്തമല്ല.







