പി പി ചെറിയാന്‍
കാലിഫോര്‍ണിയ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ 2025-ലെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ ഗാനവ്യ ദൊരൈസ്വാമിയുടെ പാട്ട് ഇടംപിടിച്ചു. പരമ്പരാഗത മറാത്തി പ്രാര്‍ത്ഥനയായ ‘പസായദാന്‍’ എന്ന ഗാനത്തിന്റെ പുനരാവിഷ്‌കാരമാണ് ഒബാമയെ ആകര്‍ഷിച്ചത്. കെന്‍ഡ്രിക് ലാമര്‍, ലേഡി ഗാഗ തുടങ്ങിയ ലോകപ്രശസ്ത താരങ്ങള്‍ക്കൊപ്പമാണ് ഗാനവ്യയും ഈ പട്ടികയില്‍ ഇടം നേടിയത്.
തമിഴ്നാട്ടില്‍ ജനിച്ച ഗാനവ്യ, ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലുമാണ് വളര്‍ന്നത്. ഗായിക, സംഗീതസംവിധായിക, കലാകാരി എന്നീ നിലകളില്‍ പ്രശസ്തയാണ്. ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ടുകള്‍, ജാസ്, ആധുനിക സംഗീതം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഗാനവ്യയുടെ ശൈലി.
സൈക്കോളജിയിലും തിയേറ്ററിലും ബിരുദം നേടിയ ശേഷം ബെര്‍ക്ലി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും നേടി.
2025-ല്‍ പുറത്തിറങ്ങിയ ഈ ആല്‍ബത്തിലെ ‘പസായദാന്‍’ എന്ന ഗാനമാണ് ഒബാമയുടെ ശ്രദ്ധ നേടിയത്.
ഗ്രാമി പുരസ്‌കാരം നേടിയ പല പ്രോജക്റ്റുകളിലും ഗാനവ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാറ്റിന്‍ ഗ്രാമി നേടുന്ന ആദ്യ തമിഴ് വരികള്‍ എഴുതി ആലപിച്ചതും ഗാനവ്യയാണ്.
‘ഐക്യം ഒന്ന്’, ‘ഡോട്ടര്‍ ഓഫ് എ ടെമ്പിള്‍’എന്നിവ ശ്രദ്ധേയമായ ആല്‍ബങ്ങളാണ്. ഇതില്‍ ‘ഡോട്ടര്‍ ഓഫ് എ ടെമ്പിള്‍’ ബിബിസി തിരഞ്ഞെടുത്ത ആ വര്‍ഷത്തെ മികച്ച ആല്‍ബങ്ങളില്‍ ഒന്നായിരുന്നു.
സമൂഹവും സംഗീതവും പരീക്ഷണങ്ങളും ഒത്തുചേരുന്ന ഒരപൂര്‍വ്വ കലാകാരി എന്നാണ് ഗാനവ്യയെ സംഗീത ലോകം വിശേഷിപ്പിക്കുന്നത്.







