മംഗളൂര്‍:പണമില്ലാതെ ജയില്‍ മോചനം മുടങ്ങുന്ന തടവുകാര്‍ക്ക് നിയമസഹായം
ലഭ്യമാക്കുമെന്നു ജയില്‍ ഡി.ജി.പി.അലോക് കുമാര്‍ അറിയിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി ഇതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് മംഗളൂരു ജില്ല ജയിലില്‍ പരിശോധനക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
എ,ബി ബ്ലോക്കുകളിലെ തടവുകാര്‍ കഴിഞ്ഞ ആഴ്ച ചേരിതിരിഞ്ഞ് വെല്ലുവിളി നടത്തുകയും ജയില്‍ സൂപ്രണ്ടിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയില്‍ ആറ്
മൊബൈല്‍ ഫോണുകളും നിരോധിത സാമഗ്രികളും ജയിലില്‍ കണ്ടെത്തിയിരുന്നു.
ജയില്‍ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായായിരുന്നു
ഡിജിപിയുടെ ജയില്‍ സന്ദര്‍ശനം. കര്‍ണാടകയിലെ സംഘര്‍ഷമേഖലകളിലുളള മംഗളൂരു ഉള്‍പ്പെടെയുള്ള ജയിലുകള്‍ക്കുപ്രത്യേക സുരക്ഷാ മുന്‍ഗണന നല്‍കും. അച്ചടക്കം ലംഘിക്കുന്ന തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിജിപി പറഞ്ഞു.
ബംഗളൂരു, മൈസൂരു ജയിലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മംഗളൂരു ജയിലിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.







