തിരുവനന്തപുരം: മയക്കുമരുന്ന് ലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ബഹളമുണ്ടാക്കുകയും കല്ലെറിഞ്ഞ് ചില്ല് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. തൃശൂര്‍ പുതുക്കാടിന് സമീപമാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ തൃശൂരില്‍ നിന്നു കയറിയ രാജേഷ് ടിക്കറ്റ് എടുക്കാന്‍ കൂട്ടാക്കാതെ ബഹളം വയ്ക്കുകയും സ്ത്രീകള്‍ അടക്കമുള്ളവരെ തെറി വിളിക്കുകയും ചെയ്തുവെന്ന് ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പുതുക്കാടിനു സമീപം തലോര്‍ എന്ന സ്ഥലത്ത് ഇറക്കിവിടാന്‍ ശ്രമിച്ചതോടെ ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു.
ബസില്‍ നിന്നും പുറത്തിറങ്ങിയ രാജേഷ് കല്ലെടുത്ത് സൈഡ് ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.







