തൃപ്പൂണിത്തുറ: അപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നടുറോഡില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കിയെങ്കിലും അപകടത്തില്‍പ്പെട്ടയാള്‍ മരണത്തിന് കീഴടങ്ങി. ഞായറാഴ്ച രാത്രി എറണാകുളം ഉദയംപേരൂരില്‍ അപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ റോഡില്‍ അവശനിലയിലായി കിടന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ കൊല്ലം പത്തനാപുരം സ്വദേശി വി.ഡി.ലിനു (40) ആണ് മരണത്തിന് കീഴടങ്ങിയത്.
ലിനുവിന് അപകട സ്ഥലത്ത് വച്ച് അടിയന്തിര ശുശ്രൂഷ നല്‍കിയ ഡോക്ടര്‍മാരെ ജനങ്ങള്‍ അഭിനന്ദിച്ചിരുന്നു. ഗവര്‍ണര്‍ അടക്കമുള്ള ഉന്നത വ്യക്തികളും ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ശ്വസോഛ്വാസം ചെയ്യാന്‍ കഴിയാതെ രക്തം വാര്‍ന്ന് റോഡില്‍ കിടന്നു പിടയുമ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബി. മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ആര്‍എംഒ ഡോ. തോമസ് പീറ്റര്‍, ഭാര്യ ഡോ. ദിദിയ കെ. തോമസ് എന്നിവര്‍ രണ്ടു കാറുകളിലായി അതുവഴി വന്നത്.
ലിനു അത്യാസന്നനിലയില്‍ ആയിരുന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയ അവര്‍ അവിടെ വച്ചുതന്നെ നടത്തി. നാട്ടുകാര്‍ എത്തിച്ച ബ്ലേഡ് കൊണ്ടു ലിനുവിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് ചെറിയ പ്ലാസ്റ്റിക് സ്ട്രോ കടത്തിയാണ് ശ്വസനം വീണ്ടെടുത്തത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ ലിനു മരണപ്പെടുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായിരുന്നു ലിനു. മക്കള്‍ക്ക് ക്രിസ്മസ് സമ്മാനവുമായി നാട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഭാര്യ: ജിജി. മക്കള്‍: ഏയ്ഞ്ചല്‍, ആന്‍ഡ്രിയ. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.







