പി പി ചെറിയാൻ
വാഷിംഗ്ടൺ: കാലിഫോർണിയയിലെ ഹൈവേകളിൽ നടത്തിയ വൻ തിരച്ചിലിൽ (‘ഓപ്പറേഷൻ ഹൈവേ സെന്റിനൽ’) അനധികൃത കുടിയേറ്റക്കാരായ നൂറിലേറെ ട്രക്ക് ഡ്രൈവർമാരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. മതിയായ രേഖകളില്ലാതെ ട്രക്ക് ഓടിക്കുന്നവർ രാജ്യവ്യാപകമായി അപകടങ്ങൾ വരുത്തിവെക്കുന്ന പശ്ചാത്തലത്തിലാണ് എന്നാണ് വിശദീകരണം.
ഇന്ത്യ, മെക്സിക്കോ, കൊളംബിയ, റഷ്യ, വെനസ്വേല തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ളവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇന്ത്യക്കാരനായ ഹർജീന്ദർ സിംഗ് ഉൾപ്പെട്ട മാരകമായ അപകടം ഉൾപ്പെടെയുള്ള സംഭവങ്ങളാണ് ഇത്തരമൊരു നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചതെന്നു പറയുന്നു.
ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിക്കൊണ്ട് ട്രംപ് ഭരണകൂടം പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇത് പാലിക്കാത്തതിനാൽ കാലിഫോർണിയയ്ക്ക് നൽകാനുള്ള 40 മില്യൺ ഡോളറിന്റെ ഫണ്ട്അമേരിക്കൻ സർക്കാർ തടഞ്ഞുവെച്ചു.
“അനധികൃതമായി ഡ്രൈവിംഗ് ലൈസൻസ് നേടുന്നവർ അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുകയാണെ”ന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. വാഷിംഗ്ടൺ, ന്യൂ മെക്സിക്കോ, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങൾക്കും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലിഫോർണിയയ്ക്ക് പുറമെ ഇന്ത്യാനയിൽ നടന്ന ‘ഓപ്പറേഷൻ മിഡ്‌വേ ബ്ലിറ്റ്‌സ്’ എന്ന പരിശോധനയിൽ 146 ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ ഇരുനൂറോളം പേർ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, കാലിഫോർണിയയിലെ ഡ്രൈവർമാർ ഉൾപ്പെടുന്ന അപകടനിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണെന്നും ലൈസൻസ് യോഗ്യത നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചു.







