മൈസൂരു: അര്‍ധരാത്രി അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനെന്ന വ്യാജേന എത്തിയ രണ്ടു പേര്‍ അപകടത്തില്‍പ്പെട്ടയാളുടെ 80,000 രൂപ ഓണ്‍ലൈനായി കൊള്ളയടിച്ചു. പ്രതികളെ മൈസൂരു ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാദേവപുരയിലെ കെ.രമേശ്(31), രമാബായിനഗറിലെ മനു(30) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 16 ന് അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ഹുന്‍സൂര്‍ ബെങ്കിപുരയിലെ
ഗണേഷ് നഞ്ചന്‍ഗുഡി കടക്കോളയിലെ തന്റെ ഫാക്ടറിയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. പാത മുറിച്ചുകടക്കുകയായിരുന്ന നായ ബൈക്കില്‍ ഇടിച്ച് തെറിച്ചുവീണ് റോഡില്‍ അബോധാവസ്ഥയിലായിരുന്ന ഗണേഷിന് അല്‍പ്പസമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയെങ്കിലും സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു. ഇതിനിടയില്‍ സഹായിക്കാനെന്ന വ്യാജ്യേന എത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഗണേഷിന്റെ ഫോണ്‍ കൈക്കലാക്കുകയായിരുന്നു. അതിനുശേഷം ഫോണ്‍പേയുടെ പിന്‍ നമ്പര്‍ ആവശ്യപ്പെട്ടു. രക്ഷിക്കുമെന്ന വിശ്വാസത്തില്‍ പിന്‍നമ്പര്‍ ഗണേഷ് അവര്‍ക്ക് പറഞ്ഞ് കൊടുത്തു.
ഇതോടെ ഗണേഷിന്റെ അക്കൗണ്ടില്‍ നിന്നു സഹായികളിലൊരാളായ രമേശ്, അയാളുടെ ഭാര്യയുടെ ഓണ്‍ലൈന്‍ വാലറ്റിലേക്ക് 60,000 രൂപയും മനു സ്വന്തം അക്കൗണ്ടിലേക്ക് 20,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്തു. അതിനു ശേഷം ഇരുവരും
ഓടി രക്ഷപ്പെട്ടു.ഇത് കണ്ട്‌കൊണ്ട് എത്തിയ മറ്റുവഴിയാത്രക്കാര്‍ ഗണേഷിന് വൈദ്യസഹായം ലഭ്യമാക്കാന്‍ സഹായിച്ചു. സാധാരണനിലയിലായ ഗണേഷ് തന്റെ സഹോദരന്‍ അങ്കനായകയെ വിവരം അറിയിച്ചു. 19 ന് അങ്കനായക ജില്ലാ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.
മനുഷ്യത്വത്തിന്റെ മറവില്‍ നടന്ന കുറ്റകൃത്യം ഗൗരവമായി കണ്ട പൊലീസ് സൂപ്രണ്ട് എന്‍. വിഷ്ണുവര്‍ധന കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. സംഘം നടത്തിയ അന്വേഷണത്തില്‍
ഫോണ്‍പേ ഇടപാടുകളുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ കണ്ടെത്തി പ്രതികളെ രാമബായിനഗറില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.







