ദുബായ്: സ്വര്‍ണക്കടയില്‍ നിന്ന് 10 കിലോ സ്വര്‍ണവുമായി മുങ്ങിയ മലയാളി ജീവനക്കാര്‍ക്ക് ദുബായ് അപ്പീല്‍ കോടതി ഒരു വര്‍ഷം തടവും മൂന്ന് കോടിയിലേറെ രൂപ (14 ലക്ഷം ദിര്‍ഹം) പിഴയും വിധിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് അജാസ്, അജ്മല്‍ കബീര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
ദെയ്‌റ ഗോള്‍ഡ് സൂഖിലെ ‘റിച്ച് ഗോള്‍ഡ്’ ജ്വല്ലറിയില്‍ മാനേജരായും സൂപ്പര്‍വൈസറായും ജോലി ചെയ്തിരുന്നവരാണ് മോഷണം നടത്തിയത്. മുഹമ്മദ് അജാസ് ആറുവര്‍ഷമായി ജ്വല്ലറിയില്‍ മാനേജറായി പ്രവര്‍ത്തിച്ചുവരികയാണ്. മോഷണത്തിന്റെ ആസൂത്രകന്‍ ഇയാളാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടി.
കേസില്‍ പ്രതിയായ അജ്മല്‍ കബീര്‍ നിലവില്‍ ദുബായ് പൊലീസിന്റെ പിടിയിലാണെങ്കിലും അജാസ് വിധി വരുന്നതിന് മുന്‍പുതന്നെ ഇന്ത്യയിലേക്ക് കടന്നു. 2022-23 കാലയളവില്‍ നടന്ന മോഷണം ഏറെ വൈകിയാണ് ഉടമ അറിഞ്ഞത്. കടയിലെ സ്റ്റോക്ക് പരിശോധനയില്‍ കോടികള്‍ വിലമതിക്കുന്ന പത്ത് കിലോയോളം സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നില്‍ ജീവനക്കാരായ മുഹമ്മദ് അജാസും, അജ്മല്‍ കബീറുമാണെന്ന് കണ്ടെത്തുകയായിരുന്നു.
അതിനുശേഷം വിവാഹത്തിന് നാട്ടിലേക്ക് പോയ അജ്മല്‍ കബീറിനെ പൊലീസ് തന്ത്രപരമായി തിരികെ ദുബായില്‍ എത്തിച്ച് പിടികൂടുകയായിരുന്നു. നേരത്തെ കീഴ്‌ക്കോടതി നല്‍കിയ ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴകോടതി വിധി സ്ഥിരീകരിക്കുകയായിരുന്നു.
ജ്വല്ലറിയില്‍ നിന്ന് കോടികളുമായി നാട്ടിലേക്ക് കടന്ന അജാസിനെ പിടികൂടാന്‍ ഇപ്പോള്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയാണ് അധികൃതര്‍. ഉടമ മുഹമ്മദ് സലിം കേരള പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. എട്ട് ജീവനക്കാര്‍ മാത്രം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. നഷ്ടപ്പെട്ട സ്വര്‍ണം തിരികെ ലഭിക്കുന്നതിന് നിയമപോരാട്ടം തുടരുമെന്ന് ഉടമ അറിയിച്ചു.







