മുംബൈ: ഇന്‍സ്റ്റാഗ്രാമില്‍ വമ്പന്‍ മാറ്റങ്ങള്‍ അവതരിപ്പിച്ച് മേധാവി ആദം മൊസേരി. ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളിലോ റീലുകളിലോ 30 ഹാഷ്ടാഗുകള്‍ ചേര്‍ക്കുന്ന പഴയ ഫീച്ചര്‍ ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഇന്‍സ്റ്റഗ്രാം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതലാണ് കമ്പനി പുതിയ നിയമം നടപ്പിലാക്കിയത്. ഇപ്പോള്‍ ഹാഷ്ടാഗ് പരിധി വെറും അഞ്ചെണ്ണമായി കുറച്ചു. മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഉപയോക്താക്കള്‍ക്ക് ഹാഷ്ടാഗുകള്‍ പിന്തുടരാന്‍ അനുവദിക്കുന്ന ഓപ്ഷന്‍ നീക്കം ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷമാണ് പുതിയ മാറ്റം.
ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നതിലും ദൃശ്യപരതയിലും ഹാഷ്ടാഗുകള്‍ക്ക് ഇനി കാര്യമായ പങ്കില്ലെന്ന് മേധാവി ആദം മൊസേരി പറഞ്ഞു. ഉള്ളടക്കത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കുന്ന പ്രാഥമിക ഘടകം ഇനിമുതല്‍ ഹാഷ്ടാഗുകള്‍ അല്ലെന്നും അദ്ദേഹം അറിയിച്ചു.
പലപ്പോഴും കണ്ടന്റ് ക്രിയേറ്റേഴ്സ് അവരുടെ റീലുകള്‍ വൈറലാക്കാന്‍ #reels, #trending, അല്ലെങ്കില്‍ #explore തുടങ്ങിയ പൊതുവായ പദങ്ങള്‍ ഉപയോഗിക്കുന്നു. അത്തരം പൊതുവായ ഹാഷ്ടാഗുകള്‍ നിങ്ങളുടെ പോസ്റ്റ് എക്സ്പ്ലോര്‍ ഫീഡില്‍ എത്താന്‍ ഇനി സഹായിക്കില്ലെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചിട്ടുണ്ട്. നേരെമറിച്ച്, അത്തരം ടാഗിംഗ് നിങ്ങളുടെ പോസ്റ്റിന്റെ റീച്ചിനെ ദോഷകരമായി ബാധിക്കും. ഇപ്പോള്‍, ശരിയായ പ്രേക്ഷകരിലേക്ക് എത്താന്‍ ബ്യൂട്ടി ക്രിയേറ്റര്‍മാര്‍ക്ക് മേക്കപ്പ് അല്ലെങ്കില്‍ ബ്യൂട്ടിയുമായി ബന്ധപ്പെട്ട മൂന്ന് മുതല്‍ അഞ്ച് വരെ നിര്‍ദ്ദിഷ്ട ടാഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും കമ്പനി പറയുന്നു.
ഹാഷ്ടാഗ് ദുരുപയോഗം തടയുന്നതിനും കൂടുതല്‍ ചിന്താപൂര്‍വ്വം ടാഗുകള്‍ തിരഞ്ഞെടുക്കാന്‍ കണ്ടന്റ് ക്രിയേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.







