ന്യൂയോര്‍ക്ക്: നഷ്ടപ്പെട്ട പൂച്ചയെ 443 ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം. ഹെലീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട ‘ഗാബി’യെന്ന പൂച്ചയെ ആണ് 443 ദിവസങ്ങള്‍ക്കുശേഷം നോര്‍ത്ത് കരോലിനയിലെ ഒരു കുടുംബം കണ്ടെത്തിയത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം തെക്കുകിഴക്കന്‍ മേഖലയില്‍ വീശിയടിച്ച ശക്തമായ ഹെലീന്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ഗാബിയെ കാണാതായത്. ഡിസംബര്‍ 13 ന് ഗാബിയെ കണ്ടെത്തി നോര്‍ത്ത് കരോലിനയിലെ ആവറി ഹ്യൂമന്‍ സൊസൈറ്റിയിലേക്ക് കൊണ്ടുപോയി. പൂച്ചയുടെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് തൊഴിലാളികള്‍ കണ്ടെത്തിയതോടെയാണ് കുടുംബവുമായുള്ള പുനഃസമാഗമത്തിന് ഇടയായത്.
ഇതൊരു ക്രിസ്മസ് അത്ഭുതമാണെന്ന് ആവറി ഹ്യൂമന്‍ സൊസൈറ്റി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ‘ഒരു സുന്ദരിയായ പൂച്ചയെ കഴിഞ്ഞദിവസം ഇവിടെ കൊണ്ടുവന്നു. അവളെ പരിശോധിച്ചപ്പോള്‍ ദേഹത്ത് ഒരു മൈക്രോചിപ്പ് കണ്ടെത്തി. അപ്പോഴാണ് ഹെലീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 443 ദിവസം മുമ്പ് കാണാതായതാണെന്ന് തിരിച്ചറിയുന്നത്. ഇത്രയും കാലത്തിനുശേഷം അവള്‍ കുടുംബവുമായി വീണ്ടും ഒന്നിച്ചു’- പോസ്റ്റില്‍ പറയുന്നു.







