തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന് ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിനോദ് കുമാറിനെതിരെ കേസ് എടുത്തിട്ടുണ്ട്. തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് വിനോദ് കുമാറിനെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വിനോദ് കുമാറിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി,അണ്ണന്‍ സിജിത്ത് എന്നിവരുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരോള്‍ അനുവദിക്കാനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതോടെയാണ് വിനോദ് കുമാറിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജയിലിനുള്ളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
ഇതുസംബന്ധിച്ച് ഇന്റലിജന്‍സാണ് വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയത്. ഗൂഗിള്‍ പേ വഴിയും അല്ലാതെയും ആയിരുന്നു പണമിടപാടെന്നും വിയ്യൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥന്‍ വഴിയാണെന്നും സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെര്‍ച്ച് വാറന്റ് വാങ്ങിയ ശേഷം കഴിഞ്ഞദിവസം വിനോദ് കുമാറിന്റെ ആലപ്പുഴയിലെ വീട്ടിലും പൂജപ്പുരയിലെ ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയും ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അതേ സമയം, വിനോദ് കുമാറിനെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അദ്ദേഹം ഇപ്പോഴും പദവിയില്‍ തുടരുന്നു. സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഞായറാഴ്ചയാണ് ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്.







