കാസര്‍കോട്: ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന വ്യാപകമായി ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളില്‍ രാവിലെ നടന്ന ചടങ്ങിനു ശേഷം പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ മുതിര്‍ന്ന അംഗം ബദിയഡുക്ക ഡിവിഷനിലെ രാമപ്പയ്ക്ക് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റു അംഗങ്ങള്‍ക്കു രാമപ്പയാണ് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. എഡിഎം പി. അഖില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, നഗരസഭാ-കോര്‍പ്പറേഷന്‍ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്ത് ആകെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 23,573 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് മൂന്നിടത്ത് വോട്ടെടുപ്പ് മാറ്റിയിരുന്നു.






