കൊച്ചി: അതുല്യ പ്രതിഭയ്ക്ക് മലയാളക്കരയുടെ യാത്രാമൊഴി. എറണാകുളം ഉദയംപേരൂര്‍ കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നടന്നു. 11.51 ഓടെ മക്കളായ വിനീതും ധ്യാനും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. സിനിമയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ച കഥാകാരനുവേണ്ടി ഒരു കടലാസും പേനയും ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നവെന്ന കുറിപ്പും കടലാസില്‍ കുറിച്ചിരുന്നു. നടന്റെ അവസാന മുഹൂര്‍ത്തം വരെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒപ്പമുണ്ടായിരുന്നു.
ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേരാണ് ഒഴുകിയെത്തിയത്. വൈകാരിക രംഗങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വീട് സാക്ഷിയായത്. നായകനായും തിരക്കഥാകൃത്തായും സംവിധായകനുമായെല്ലാം മലയാളി മനസുകളെ വിസ്മയിപ്പിച്ച വ്യക്തിയായിരുന്നു ശ്രീനിവാസന്‍. ശനിയാഴ്ച രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. 48 വര്‍ഷത്തെ സിനിമാജീവിതത്തില്‍ 54 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും 200 ഓളം സിനിമയില്‍ വേഷം ചെയ്യുകയും ചെയ്തു.







