ചെന്നൈ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് മക്കള്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍. തിരുവള്ളൂര്‍ ജില്ലയിലെ പൊടറ്റൂര്‍പേട്ടിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ ലാബ് അസിസ്റ്റന്റായ ഇ.പി. ഗണേശന്‍ (56) ആണ് കൊല്ലപ്പെട്ടത്. മക്കളായ മോഹന്‍രാജ് (26), ഹരിഹരന്‍ (27), സുഹൃത്തുക്കളായ ബാലാജി, പ്രശാന്ത്, ദിനകരന്‍, നവീന്‍കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 22-നാണ് ഗണേശനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കരുതി പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാല്‍, ഗണേശന്റെ പേരില്‍ ഒരേസമയം മൂന്ന് കോടി രൂപയുടെ ഉയര്‍ന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ മക്കള്‍ എടുത്തത് ഇന്‍ഷുറന്‍സ് കമ്പനി അധികൃതരില്‍ സംശയമുണ്ടാക്കി. കമ്പനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ജി അസ്രഗാര്‍ഗിന്റെ നേതൃത്വത്തില്‍ നടന്ന രഹസ്യ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പിതാവിനെ കൊലപ്പെടുത്താന്‍ ഇവര്‍ രണ്ടുതവണ പാമ്പുകളെ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. ആദ്യ തവണ ഉറങ്ങിക്കിടന്ന ഗണേശനെ ഒരു മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കാലില്‍ കടിപ്പിച്ചു. എന്നാല്‍ അയല്‍വാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതോടെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. രണ്ടാം തവണ അതിമാരക വിഷമുള്ള ‘വെള്ളിക്കെട്ടന്‍’ പാമ്പിനെ സംഘം സംഘടിപ്പിച്ചു. ഒക്ടോബര്‍ 22-ന് പുലര്‍ച്ചെ ഗണേശന്റെ കഴുത്തില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു. ഇത്തവണ മരണം ഉറപ്പാക്കാന്‍ വേണ്ടി ആശുപത്രിയില്‍ എത്തിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു. ശേഷം തെളിവ് നശിപ്പിക്കാനായി പാമ്പിനെ വീട്ടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.







