കുമ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ചരിത്ര വിജയം നേടിയ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കാന്‍ പാടുപെടുന്നു.
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും രണ്ടു തവണ പഞ്ചായത്ത് മെമ്പറും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന എ.കെ ആരിഫ് ഇത്തവണയും പഞ്ചായത്തു മെമ്പറാണ്. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വിപി അബ്ദുല്‍ഖാദര്‍ ഹാജിയും രണ്ടു തവണ പഞ്ചായത്തു മെമ്പറും ഒരു തവണ ബ്ലോക്ക് മെമ്പറുമായിട്ടുണ്ട്. എംപി ഖാലിദ് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജോയിന്റ് സെക്രട്ടറിയാണ്. ആദ്യമായാണ് അദ്ദേഹം ജനപ്രതിനിധിയാവുന്നത്. തിരഞ്ഞെടുപ്പിന് മുമ്പു തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നതെന്നു പ്രചരണവുമുണ്ടായിരുന്നു. മൂന്നു പേരും പാര്‍ട്ടിക്കാര്‍ക്കും നാട്ടുകാര്‍ക്കും സുപരിചിതരാണ്. മൂന്നു പേരെയും പാര്‍ട്ടിക്കാര്‍ സ്‌നേഹിക്കുന്നു. എന്നാല്‍ എം.പി ഖാലിദിനോടു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു അല്‍പം സ്‌നേഹക്കൂടുതലുണ്ടോ എന്നൊരു സംശയം എല്ലാവര്‍ക്കുമുണ്ട്.
അധികാര സ്ഥാനങ്ങളുടെ പ്രവര്‍ത്തനവും അതിനുള്ള നിയമനിര്‍ദ്ദേശങ്ങളും അധികാര സ്ഥാനം വഹിക്കുന്നവരുടെ സമീപനവും എന്താണെന്നു വിവിധ അധികാര കേന്ദ്രങ്ങളില്‍ അടുത്തിടപഴകിയിട്ടുള്ള ആരിഫിനും അബ്ദുല്‍ ഖാദര്‍ ഹാജിക്കും പരിചയമുണ്ടെന്ന് നാട്ടുകാര്‍ കരുതുന്നു. എന്നാല്‍ ജനങ്ങളോടു എങ്ങനെ ഇടപെടണമെന്നും നിയമം ജനങ്ങള്‍ക്ക് എങ്ങനെ ഉറപ്പാക്കണമെന്നും എംപി ഖാലിദിനും അറിയാമെന്നു സംസാരമുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനം ജനറല്‍ ആയിരുന്നെങ്കില്‍ ഒരാളെ വൈസ് പ്രസിഡന്റാക്കി പ്രശ്‌നം പരിഹരിക്കാമായിരുന്നു. എന്നാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കുമ്പളയില്‍ വനിതാ സംവരണമാണ്. ആ സ്ഥാനത്തേക്കും ആളെ കണ്ടത്തേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ട്.
പാര്‍ട്ടി ഭാരവാഹിത്വവും അധികാര സ്ഥാനങ്ങളും ഒരാള്‍ കൈകാര്യം ചെയ്യുന്നതു നല്ല കീഴ്‌വഴക്കമല്ലെന്നു പൊതുവെ ഒരു ധാരണയുണ്ട്. രണ്ടു സ്ഥാനവും ഒരാള്‍ വഹിക്കുമ്പോള്‍ അയാളുടെയും പാര്‍ട്ടിയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ അത് ചിലപ്പോള്‍ ജനങ്ങളുടെ താല്‍പര്യമല്ലാതെയും വന്നേക്കുമെന്ന് കരുതുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ ആരെ കൊള്ളും ആരെ തള്ളുമെന്ന അനിശ്ചിതത്വത്തിലാണ് കുമ്പളയിലെ പാര്‍ട്ടി നേതൃത്വമെന്ന് പറയുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുണ്ടായാല്‍ പ്രാദേശിക നേതാക്കള്‍ക്ക് ഈ പൊല്ലാപ്പില്‍ നിന്നു രക്ഷപ്പെടാനായേക്കും. പക്ഷെ, സംസ്ഥാന നേതൃത്വം ഒറ്റക്കു ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടിയുടെ പഞ്ചായത്തു പ്രസിഡന്റിനെ തീരുമാനിക്കാന്‍ നില്‍ക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
പ്രശ്‌നമൊഴിവാക്കാന്‍ യുഡിഎഫിലെ സഖ്യകക്ഷിക്കു പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ പാര്‍ട്ടി തീരുമാനിച്ചെന്നിരിക്കട്ടെ. പക്ഷെ, അണികള്‍ അതിനെതിരെ ശക്തിയുക്തം രംഗത്തിറങ്ങുമെന്നു നേതൃത്വം കരുതുന്നുണ്ടെന്നു പറയുന്നു. കോണ്‍ഗ്രസ് അത്തരമൊരു അവകാശവാദം ഉന്നയിക്കാനും സാധ്യതയില്ല. 24 അംഗ പഞ്ചായത്ത് ബോര്‍ഡിലെ 23 പേര്‍ക്കും പഞ്ചായത്ത് മെമ്പര്‍ ആവുന്നതിനുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തതു മുതിര്‍ന്ന അംഗം കോണ്‍ഗ്രസിലെ മഞ്ചുനാഥ ആള്‍വയാണ്. നിരവധി തവണ പഞ്ചായത്തു മെമ്പറായിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ പ്രധാന ചുമതല വഹിച്ചു കൊണ്ടിരിക്കുന്നവര്‍ അതു വിട്ടു ഭരണസാരഥ്യം ഏറ്റെടുക്കാന്‍ തയ്യാറാവുമോ എന്നും വ്യക്തമല്ല. പഞ്ചായത്ത് പ്രസിഡന്റാവുന്നവരെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടി പ്രാദേശിക നേതൃത്വം സ്വീകരിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.
കഴിഞ്ഞ പഞ്ചായത്തില്‍ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് ലീഗ് അധികാരം കയ്യാളിയിരുന്നത്. ഇത്തവണ എസ്ഡിപിഐയെ കുമ്പളയില്‍ ലീഗ് നിലംപരിശാക്കി. 24 അംഗ പഞ്ചായത്തില്‍ മുസ്ലിം ലീഗിന് 13 സീറ്റുണ്ട്. ഒറ്റക്കു കേവല ഭൂരിപക്ഷം. ഇതിനു പുറമെ കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങളും യുഡിഎഫിലുണ്ട്.
പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെപിക്ക് ഇപ്പോള്‍ അഞ്ച് അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ ഒന്‍പതു മെമ്പര്‍മാരുണ്ടായിരുന്നു. സിപിഎമ്മിന് മൂന്ന് അംഗങ്ങളുണ്ട്. കഴിഞ്ഞ തവണയും അത്രയും സീറ്റുകള്‍ നേടിയിരുന്നു. 27നാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.







