പാലക്കാട്: വാളയാറില്‍ ഇതരസംസ്ഥാന തൊഴിലാളി ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ്. രണ്ടു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ രണ്ടു സ്ത്രീകളും മര്‍ദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇവര്‍ നാടുവിട്ടതായി വിവരമുണ്ട്. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും. ആക്രമണത്തില്‍ പതിനഞ്ചോളം പേര്‍ പങ്കാളികളായെന്നും ഇതില്‍ ചിലര്‍ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്. രാംനാരായണന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്കാണ് സംഭവം. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. ചില മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണന് ഉണ്ടായിരുന്നു. മൂന്നുവര്‍ഷം മുന്‍പേ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു. ബുധനാഴ്ച വഴിതെറ്റി പരിചയമില്ലാത്ത വാളയാറിലെ അട്ടപ്പള്ളത്തെത്തി. കള്ളനെന്ന് തെറ്റിദ്ധരിച്ച പ്രദേശവാസികള്‍ രാംനാരായണനെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. ചിലര്‍ മര്‍ദ്ദിച്ചപ്പോള്‍ മറ്റുചിലര്‍ വടികൊണ്ടും തല്ലി. നിലത്തുവീണിട്ടും ആളുകള്‍ വെറുതെ വിട്ടില്ല. അവശനിലയില്‍ ആയ രാമനാരായണനെ പൊലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. മരിച്ചിട്ടും ആക്രമണം തുടര്‍ന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പറഞ്ഞു. സംഭവത്തില്‍ പ്രദേശവാസികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.







