കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിന്നു പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തി. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ കെ. വിജയ(55)ന്റെ ചെര്‍ക്കള, കോലാച്ചിയടുക്കത്തുള്ള വീട്ടിലെ ഷെഡില്‍ സൂക്ഷിച്ച നിലയിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 2000 രൂപയുടെ 2500 കള്ളനോട്ടുകളും 1000 രൂപയുടെ 50 കള്ളനോട്ടുകളുമാണ് പിടികൂടിയത്. ഇതോടൊപ്പം പിന്‍വലിച്ച 500 രൂപയുടെ നിലവിലില്ലാത്ത 100 നോട്ടുകളും ആണ് പിടികൂടിയത്. ഇടപാടുകാര്‍ക്ക് നല്‍കുന്നതിനായി കെട്ടുകളാക്കിയ നിലയിലായിരുന്നു നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
ചോദ്യം ചെയ്യലിനിടയിലാണ് വിജയന്റെ വീട്ടില്‍ കള്ളനോട്ട് ശേഖരം ഉള്ളതായി പൊലീസിനു വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ എസ്‌ഐ കെ രാജീവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകളും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തിയത്.
നിരോധിത നോട്ട് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് മുഹമ്മദ് ഹനീഫയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് എട്ടുപേരെ അറസ്റ്റു ചെയ്തിരുന്നു.






