ദോഹ: ഖത്തറിലെ മികച്ച വളണ്ടിയർ സേവനത്തിനുള്ളഈ വർഷത്തെ ഫിഫാ അവാർഡിൽ മലയാളിത്തിളക്കം. കാസർകോട് ബമ്പ്രാണ സ്വദേശി സിദ്ധീഖ് നമ്പിടി വെള്ളിയാഴ്ച ലുസൈൽ ഫാൻസോണിൽ നടന്ന ആഘോഷ പരിപാടിയിൽ അണ്ടർ 17 വേൾഡ് കപ്പ് വിഭാഗത്തിൽ മികച്ച സേവനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി കേരളത്തിന് അഭിമാനമായി.ഫിഫ അണ്ടർ 17 വേൾഡ് കപ്പ് , ഫിഫ അറബ് കപ്പ്, ഫിഫ ഇന്റർ കോണ്ടിനെൻ്റൽ കപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര ടൂർണമെൻറ്കൾക്കായി ഫിഫ നേരത്തെ വളണ്ടിയർ അപേക്ഷ ക്ഷണിച്ചിരുന്നു. ഇരുപത്തിഅയ്യായിരം അപേക്ഷകളിൽ നിന്നും 4500 വളണ്ടിയർമാരെയാണ് തിരഞ്ഞെടുത്തത്. ഇതിലെ ഓരോ വിഭാഗത്തിലെയും ഒരോ സ്റ്റേഡിയത്തിലെയും മികച്ച വളണ്ടിയർമാരെയാണ് വെള്ളിയാഴ്ച ലുസെൽ ഫാൻസോണിൽ നടന്ന വിജയാഘോഷ ചടങ്ങിൽ അനുമോദിച്ചത്. അണ്ടർ 17 വേൾഡ് കപ്പിലെ മികച്ച സേവനത്തിനാണ് സിദ്ദീഖ് അവാർഡിന് അർഹനായത്. ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി സി.ഇ.ഒ ജാസിം അൽ ജാസിം, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹയ മുഹമ്മദ് അൽ നഈമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഖത്തറിലെ വിവിധ ദേശീയ അന്തർദേശീയ പരിപാടികളിൽ സേവനരംഗത്ത് നിറസാന്നിധ്യമാണ് സിദ്ദിഖ്. കഴിഞ്ഞവർഷം ഖത്തറിൽ നടന്ന ദോഹ എക്സ് പോ 2023 ൽ ഏറ്റവും കൂടുതൽ ഷിഫ്റ്റിൽ സേവനമനുഷ്ഠിച്ചതിനുള്ള അവാർഡും സിദ്ദിഖ് നേടിയിരുന്നു. ബംബ്രാണ സ്വദേശിയായ സിദ്ദീഖ് പതിനഞ്ച് വർഷമായി ഖത്തറിൽ പ്രവാസിയാണ്.







