കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമയെ സംബന്ധിച്ച് തീരാനഷ്ടമാണ്. ഡയാലിസിസിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
എന്നാല്‍ അച്ഛന്റെ മരണവിവരം അറിയാതെ ചെന്നൈയിലേക്ക് പോയിരിക്കുകയാണ് മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍. വിയോഗ വാര്‍ത്തയ്ക്ക് തൊട്ടുമുമ്പാണ് അദ്ദേഹം കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ചത്. ചെന്നൈയില്‍ എത്തിയതിന് ശേഷം മാത്രമായിരിക്കും വിനീത് അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് അറിയുന്നത്. വിമാനം ലാന്‍ഡ് ചെയ്താലുടന്‍ ഈ വാര്‍ത്ത വിനീതിനെ തേടിയെത്തും. അവിടെ നിന്നും താരം ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കും. വിനീത് നേരിട്ട് ആശുപത്രിയിലേക്ക് എത്തുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
തന്റെ സിനിമകളിലൂടെയും ജീവിതത്തിലൂടെയും മക്കള്‍ക്ക് എന്നും വഴികാട്ടിയായിരുന്ന പിതാവിന്റെ വേര്‍പാട് മക്കളായ വിനീതിനും ധ്യാനിനും തീരാനഷ്ടമായിരിക്കും. ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ വിനീത് പിതാവിന്റെ സിനിമകളിലെ ലാളിത്യവും ആത്മാര്‍ത്ഥതയും തന്റെ സൃഷ്ടികളിലും പകര്‍ത്തിയിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ഗുരുവും വഴികാട്ടിയുമായിരുന്നു പിതാവെന്ന് വിനീത് പല വേദികളിലും പറഞ്ഞിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ പിന്നീട് അറിയിക്കും.







