സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ കനത്ത യുഎസ് ആക്രമണം: തിരിച്ചടിയെന്ന് ട്രംപ്

പി പി ചെറിയാൻ

വാഷിംഗ്ടൺ: സിറിയയിലെ ഐസിസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം വൻതോതിൽ വ്യോമാക്രമണം നടത്തി. കഴിഞ്ഞ ആഴ്ച സിറിയയിലെ പാൽമിറയിൽ രണ്ട് യുഎസ് സൈനികരും ഒരു പരിഭാഷകനും കൊല്ലപ്പെട്ടതിൻറെ പ്രതികാരമാണിതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ എന്ന് പേരിട്ട അക്രമത്തിൽ ഐസിസ് ഭീകരർ, അവരുടെ ആയുധപ്പുരകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

“ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് പ്രതികാരത്തിന്റെ പ്രഖ്യാപനമാണ്”- ഹെഗ്‌സെത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു.

രാജ്യസ്നേഹികളായ അമേരിക്കക്കാരെ ക്രൂരമായി കൊലപ്പെടുത്തിയവർക്ക് നൽകുന്ന തിരിച്ചടിയാണിതെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി. സിറിയൻ സർക്കാരിന്റെ പൂർണ്ണ പിന്തുണ ഈ സൈനിക നടപടിക്കുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ഫൈറ്റർ ജെറ്റുകൾ, അറ്റാക്ക് ഹെലികോപ്റ്ററുകൾ, ആർട്ടിലറി എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ജോർദാൻ വ്യോമസേനയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.

സിറിയയിലെ മധ്യമേഖലയിലുള്ള ഡസൻ കണക്കിന് ഐസിസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഭീകരവാദം തുടച്ചുനീക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ സിറിയൻ വിദേശകാര്യ മന്ത്രാലയവും അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page