നടന്‍ ശ്രീനിവാസന്റെ ശ്രദ്ധേയമായ തിരക്കഥകളില്‍ ഒന്നാണ് നാടോടിക്കാറ്റ്. ഈ സിനിമയിലെ വില്ലനെ ആരും മറക്കില്ല. ‘അങ്ങനെ പവനായി, ശവമായി’ എന്ന തിലകന്റെ ഈ സിനിമയിലെ ഡയലോഗ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും കാലാതീതമായി നില കൊള്ളുകയാണ്. ഈ കഥാപാത്രത്തിന്റെ പേര് വരാനുളള കാരണം പിന്നീട് ഒരു സ്വകാര്യ ചാനലിലൂടെ ശ്രീനിവാസന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. രാവണേശ്വേരം സ്വദേശി രവി കോടോത്തും ശ്രീനിവാസനും മട്ടന്നൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. രവി കലാകാരനും നടനുമായിരുന്നു. കോളേജ് പഠനത്തിന് ശേഷം സിനിമയിലെത്തുന്നതിന് മുമ്പ് സഹപാഠിയായ കോടോത്ത് രവിയെ അന്വേഷിച്ച് ശ്രീനിവാസന്‍ കാഞ്ഞങ്ങാട് വന്നിരുന്നു. സുഹൃത്തായ രവിയുടെ സ്വദേശം മാത്രമാണ് അന്ന് ഓര്‍മയിലുള്ളത്. രവിയുടെ വീട്ടിലേക്കുള്ള വഴി അറിയില്ല. അന്ന് കുഗ്രാമമായിരുന്നു രാവണേശ്വരം. രവിയുടെ വീട്ടിലേക്ക് പോകാന്‍ ബസ്സൊന്നും ഇല്ലാത്ത കാലമായിരുന്നു. കാഞ്ഞങ്ങാട് നിന്ന് ചാലിങ്കാലില്‍ എത്തി. അവിടെ നിന്ന് നടന്നാണ് രാവണശ്വരത്തെത്തിയത്. കശുമാവിന്‍ തോട്ടം മാത്രമുള്ള ഇങ്ങനെയൊരു പ്രദേശം ആദ്യമായിട്ടാണ് ശ്രീനിവാസന്‍ കാണുന്നത്. അങ്ങനെ മൂന്നാലുദിവസം രാവണേശ്വത്ത് രവിക്കൊപ്പം കഴിഞ്ഞു. പിന്നീട് നാടോടിക്കാറ്റിന്റെ ചിത്രീകരണ സമയത്ത് വില്ലനായെത്തുന്ന കഥാപാത്രത്തിന്റെ പേര് അന്വേഷിച്ചു നടക്കുമ്പോഴാണ് രാവണേശ്വരം എന്ന ഗ്രാമത്തെ കുറിച്ചു ഓര്‍ത്തത്. അങ്ങനെ കോടോത്ത് രവിയെക്കുറിച്ചുള്ള ഓര്‍മ പുതുക്കുന്നതിനായി വില്ലന്റെ സ്വദേശം രാവണേശ്വരം എന്നാക്കി. പിവി നാരായണന്‍ ഒരു വില്ലന് പറ്റിയ പേര് അല്ലാത്തതിനാല്‍ പവനായി എന്നാക്കി. അങ്ങനെയാണ് പവനായിയും രാവണേശ്വരവും നാടോടിക്കാറ്റിലൂടെ മലയാളികളിലെത്തുന്നത്. നാടോടിക്കാറ്റിലെ പവനായി, ക്യാപ്റ്റന്‍ രാജുവിന് വലിയ ബ്രേക്ക് നല്‍കി. പവനായി എന്ന പ്രൊഫഷണല്‍ കില്ലറായി എത്തി മലയാളികളെ അദ്ദേഹം ഏറെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ക്യാപറ്റന്‍ രാജു 2018 ലാണ് അന്തരിച്ചത്.







