കൊച്ചി: ഇടപ്പള്ളിയിലെ വിരമിച്ച അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പോണേക്കര സ്വദേശിനി വനജ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് വനജയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. കിടപ്പുമുറിയില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്ന് സംശയിക്കുന്നതായി എളമക്കര പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡ് രാത്രിതന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിക്കുശേഷമാണ് ബന്ധുക്കൾ മൃതദേഹം കണ്ടത്.സംഗീതാധ്യാപികയായിരുന്ന വനജ ശാരീരിക അവശതകൾ കാരണം വീടിനുപുറത്തേക്ക് ഇറങ്ങാറുണ്ടായിരുന്നില്ല. ഭർത്താവ്: പരേതനായ വാസു.







