മുംബൈ: ഹോട്ടലില്‍ റൂം നമ്പര്‍ മാറിയെത്തിയ നഴ്‌സിനെ മദ്യലഹരിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഹോട്ടലിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 30 കാരിയായ സ്ത്രീയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയില്‍ ഘനശ്യാം ഭൗലാല്‍ റാത്തോഡ്(27) , ഋഷികേശ് തുളസിറാം ചവാന്‍(25), കിരണ്‍ ലക്ഷ്മണ്‍ റാത്തോഡ് (25) എന്നിവരാണ് അറസ്റ്റിലായത്.
റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ സുഹൃത്തിനെ കാണാനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. 105-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന സുഹൃത്തില്‍ നിന്ന് പണം വാങ്ങാന്‍ എത്തിയതായിരുന്നു. എന്നാല്‍ റൂം നമ്പര്‍ മാറി
205-ാം നമ്പര്‍ മുറിയുടെ വാതിലില്‍ മുട്ടി. കതക് തുറന്നപ്പോള്‍ അപരിചതരായ യുവാവക്കളെ കണ്ട് യുവതി സുഹൃത്തിന്റെ പേര് പറഞ്ഞ് അയാള്‍ ഇവിടെ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന മറുപടി കേട്ട് യുവതി ക്ഷമാപണം പറഞ്ഞ് പുറത്തിറങ്ങുന്നതിനിടെ മൂന്നുപേരും ചേര്‍ന്ന് മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അവരോടൊപ്പം ബിയര്‍ കുടിക്കാന്‍ നിര്‍ബന്ധിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുലര്‍ച്ചെ ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ട യുവതി വേദാന്ത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഉടനടി നടപടി സ്വീകരിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രതികളില്‍ ഋഷികേശ് ചവാന്‍ എംബിഎ വിദ്യാര്‍ഥിയും മറ്റുരണ്ട് പ്രതികള്‍ ബാങ്കിലെ റിക്കവറി ഏജന്റുമാരുമാണെന്ന് പൊലീസ് പറഞ്ഞു.







