ജില്ലാ സ്കൂൾ കലോത്സവം: എഴുപത്തിയാറാം സ്വാഗതഗാനാലാപനത്തിനൊരുങ്ങി വെള്ളിക്കോത്ത് വിഷ്ണുഭട്ട്

കാസർകോട്: 29, 30, 31 തീയതികളിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അറുപത്തി നാലാംമത് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിക്കാനുള്ള സ്വാഗതഗാനം അണിയറയിൽ ഒരുങ്ങുന്നു. രവീന്ദ്രൻ പാടി രചനയും വെള്ളിക്കോത്ത് വിഷ്ണുഭട്ട് സംഗീതവും നിർവഹിച്ച മൊഗ്രാലെന്നോരിശലിന്റെ ഗ്രാമത്തിൽ വന്നാലും എന്നു തുടങ്ങുന്ന ഗാനമാണ് 64 പേർ അണിനിരന്ന് ആലപിക്കുന്നത്. കാസർകോട് ജില്ലയുടെ പ്രത്യേകതകളും സാംസ്കാരിക സവിശേഷതകളും ഗാനത്തിൽ ഇതൾ വിരിയുന്നു.
സ്കൂളിലെ സംഗീതാധ്യാപിക സുസ്മിതയടക്കമുള്ള അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഗാനാലാപനത്തിൽ അണിചേരും.

വിഷ്ണുഭട്ട് സംഗീതസംവിധാനം നിർവഹിക്കുന്ന എഴുപത്തിയാറാമത് സ്വാഗതഗാനമാണിത്. 1980 ൽ പാലക്കാട് സംഗീത കോളേജിൽ പഠിക്കുമ്പോൾ കോളേജ് വാർഷികാഘോഷത്തിന് സഹപാഠികൾക്കൊപ്പം സ്വാഗതഗാനം ആലപിച്ചു കൊണ്ടാണ് ഈ രംഗത്ത് അദ്ദേഹം ചുവടു വച്ചത്. തുടർന്ന് നിരവധി കലോത്സവങ്ങൾക്കും സമ്മേളനങ്ങൾക്കും ആഘോഷങ്ങൾക്കും സ്വാഗതഗാനം ആലപിച്ചു. കഴിഞ്ഞ വർഷം നീലേശ്വരത്ത് നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തിന് സ്വാഗതഗാനം aalapichathum ഭട്ടായിരുന്നു. കവി കുറ്റിക്കോൽ ശങ്കരൻ എമ്പ്രാന്തിരിയുടേതായിരുന്നു വരികൾ.
ഏതു പാട്ടിനെയും തന്റെ മനോഹരമായ ശബ്ദം കൊണ്ടും സംഗീതവൈഭവം കൊണ്ടും ശ്രുതിമധുരമായി ആലപിക്കാനുള്ള വിഷ്ണു ഭട്ടിന്റെ കഴിവ് പ്രശംസനീയമാണ്. 1977 ൽ കൊല്ലൂർ ശ്രീമൂകാംബികാ ക്ഷേത്ര സന്നിധിയിൽ സംഗീതക്കച്ചേരി നടത്തി സംഗീതപരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം ഇതിനകം വിവിധ സന്ദേശങ്ങൾ ഉന്നയിച്ച് നൂറിൽപ്പരം സംഗീതയാത്രകൾ നടത്തി. മലയാളത്തിനു പുറമെ കന്നഡ, തുളു, സംസ്കൃതം, ഹിന്ദി, കൊങ്കിണി, അറബി, തമിഴ് ഭാഷകളിലെ പാട്ടുകൾ കൂടി പാടുന്ന വിഷ്ണു ഭട്ട്, ഈ ഭാഷകളിലെ പാട്ടുകൾ ചേർത്ത് നവഭാഷാ സംഗീത പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്.
കാസർകോട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഗീതാധ്യാപകനായിരിക്കെ ആരംഭിച്ച സംഗീതപ്രസ്ഥാന യാത്ര ഏറെ ശ്രദ്ധ്ര പിടിച്ചു പറ്റിയിരുന്നു. വെള്ളിക്കോത്ത് പി.സ്മാരക സ്കൂളിൽ 1111 വിദ്യാർത്ഥികളെ അണിനിരത്തി അവതരിപ്പിച്ച ദേശഭക്തി ഗാനം ചരിത്രമാണ്.
മദ്യം, മയക്കുമരുന്ന്, പുകയില, വർഗീയത, പരിസ്ഥിതി നാശം തുടങ്ങിയവയ്ക്കെതിരായും സാമൂഹിക സൗഹാർദം, രാജ്യസ്നേഹം, സൗരോർജം, ശുചിത്വം, ആരോഗ്യം, കുടിവെള്ളം എന്നിവയ്ക്കു വേണ്ടിയും അദ്ദേഹം നടത്തിയ സംഗീതയാത്രാപരിപാടികൾ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
ദേശീയ -സംസ്ഥാന അധ്യാപക അവാർഡുകൾ, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്, വിദ്യാപീഠം ഗുരുരത്ന പുരസ്കാരം, ചെന്നൈ ഇൻഡിക്ക ഗുരുശ്രേഷ്ഠ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ഈ ഗായകനെ തേടിയെത്തിയിട്ടുണ്ട്.
ദേശസ്നേഹ ഹൃദയാഞ്ജലി, സൗജന്യസംഗീത പരിശീലനം എന്നിവ നടത്തിയിരുന്നു. മഹാകവി പി.യുടെ കവിതകൾ മനോഹരമായി ആലപിക്കാറുള്ള വിഷ്ണുഭട്ട് കീബോർഡ്, ഹാർമോണിയം, തബല, മൃദംഗം, വയലിൻ തുടങ്ങിയവയുടെയും വാദകനാണ്.
ഭാര്യ: പി. ജ്യോതി. തിരുപ്പതി ഐസറിൽ ഫിസിക്സ് പി.എച്ച്.ഡി. വിദ്യാർത്ഥിനിയും ഗായികയുമായ ശ്രീഗൗരി വി. ഭട്ട് ഏക മകളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page