ന്യൂഡല്‍ഹി: ബോര്‍ഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ എയര്‍ ഇന്ത്യ പൈലറ്റ് ക്രൂരമായി മര്‍ദിച്ചതായി പരാതി. സ്‌പൈസ് ജെറ്റ് യാത്രക്കാരനായ അങ്കിത് ദിവാനെയാണ് എയര്‍ ഇന്ത്യാ ക്യാപ്റ്റന്‍ വീരേന്ദര്‍ ആക്രമിച്ചതെന്നാണ് പരാതി. അവധിയിലായിരുന്ന ക്യാപ്റ്റന്‍ സ്‌പൈസ് ജെറ്റില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യത്തില്‍ ചോര ഒലിപ്പിച്ചുനില്‍ക്കുന്ന അങ്കിത് ദിവാനെ കാണാം.
മറ്റൊരു ദൃശ്യത്തില്‍ പൈലറ്റിനേയും കാണാം. ഇയാളുടെ വസ്ത്രത്തില്‍ പറ്റിക്കിടക്കുന്ന രക്തം തന്റേതാണെന്നാണ് അങ്കിത് പറയുന്നത്. ആരോപണത്തിന് പിന്നാലെ അന്വേഷണത്തിനായി ജീവനക്കാരനെ ഡ്യൂട്ടിയില്‍ നിന്ന് നീക്കം ചെയ്തതായി എയര്‍ലൈന്‍ അറിയിച്ചു.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് അങ്കിത് ദിവാന്‍ പറഞ്ഞു. തങ്ങള്‍ക്കൊപ്പം നാലുമാസവും ഏഴുവയസ്സും പ്രായമുള്ള കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുഞ്ഞ് ഉണ്ടായിരുന്നതിനാല്‍ സുരക്ഷാ ചെക് ഇന്നില്‍ വച്ച് ഇദ്ദേഹത്തോട് ജീവനക്കാര്‍ ഉപയോഗിക്കുന്ന സുരക്ഷാ ചെക്ക്-ഇന്‍ ലൈന്‍ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഈ ക്യൂവിലേക്ക് കുടുംബം മാറിനിന്നു.
ഈ സമയത്താണ് വിമാന ജീവനക്കാരുടെ സംഘം ഇവിടെ എത്തിയത്. എന്നാല്‍ ക്യൂ പാലിക്കാതെ മുന്നില്‍ കയറിയത് അങ്കിത് ചോദ്യം ചെയ്തു. ഇതോടെ ക്യാപ്റ്റന്‍ വിജേന്ദര്‍ അങ്കിതിനെ അധിക്ഷേപിച്ചുകൊണ്ട് കുടുംബത്തിന് മുന്നില്‍ വച്ച് മര്‍ദിക്കുകയായിരുന്നു. വിദ്യാഭ്യാസം ഇല്ലേയെന്ന് ചോദിച്ചും ഈ ക്യൂ ജീവനക്കാര്‍ക്കുള്ളതാണെന്നും, ബോര്‍ഡ് വായിക്കാന്‍ കഴിയുന്നില്ലേ എന്നും പറഞ്ഞായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ മുഖത്തുനിന്നും രക്തം പൊടിഞ്ഞുവെന്നും ദിവാന്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് എയര്‍ ഇന്ത്യ അറിയിച്ചത്.
സംഭവം തന്റെ കുടുംബത്തിന്റെ അവധിക്കാലം നശിപ്പിച്ചുവെന്നും ആക്രമണം കണ്ടതിന് ശേഷം തന്റെ ഏഴുവയസ്സുള്ള മകള്‍ മാനസികമായി തകര്‍ന്നുവെന്നും ദിവാന്‍ ആരോപിച്ചു.







