കൊച്ചി: മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ശ്രീനിവാസന്‍ സംവിധാനം ചെയ്ത രണ്ടു സിനിമയും എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകളില്‍ നായകനായി അഭിനയിച്ചതും ശ്രീനി തന്നെ. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം വടക്കുനോക്കിയന്ത്രത്തിന് ലഭിച്ചിരുന്നു. ചിന്താവിഷ്ടയായ ശ്യാമള മികച്ച ജനപ്രിയ ചിത്രമായും തെരഞ്ഞെടുത്തിരുന്നു. സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീനി 1984 ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെയാണ് തിരക്കഥാകൃത്തിന്റെ വേഷമണിഞ്ഞത്. അതും സംവിധായകന്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധപ്രകാരം. തുടര്‍ന്ന് ടി.പി. ബാലഗോപാലന്‍ എം.എ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, വെള്ളാനകളുടെ നാട്, പട്ടണപ്രവേശം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വരവേല്‍പ്പ്, തലയണമന്ത്രം, അയാള്‍ കഥയെഴുതുകയാണ്, അഴകിയ രാവണന്‍, മഴയെത്തും മുന്‍പെ, സന്ദേശം, അക്കരെ അക്കരെ അക്കരെ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഡബ്ബിങ് ആര്‍ടിസ്റ്റ് തുടങ്ങി ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനി. അഭിനയത്തോടുള്ള കമ്പം കാരണം അഡയാറിലെ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍നിന്ന് ഡിപ്ലോമയെടുത്തു. അവിടെ സഹപാഠിയായിരുന്നു നടന്‍ രജനീകാന്ത്. പിഎ ബക്കറിന്റെ മണിമുഴക്കത്തിലൂടെ സിനിമാ രംഗത്ത് പ്രവേശിച്ചു. ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകള്‍ ആകാലത്തെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഉണ്ടാക്കി. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടയില്‍ 200 ലേറെ സിനിമകളില്‍ അഭിനിയിച്ചു. 5 തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ നേടി.
ശനിയാഴ്ച രാവിലെ ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആരോഗ്യനില വഷളാകുകയായിരുന്നു. എട്ടരയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച വൈകുന്നേരം 3 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.







