തിരുവനന്തപുരം: ദിലീപിനെതിരെ പരിഹാസ പോസ്റ്റുമായി ഭാഗ്യലക്ഷ്മി. അടുത്തിടെയാണ് ദിലീപിന്റെ പുതിയ സിനിമ ‘ഭഭബ’ റിലീസ് ചെയ്തത്. നടിയെ ആക്രമിച്ച ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ മോഹന്‍ലാലും ചെറിയ വേഷത്തില്‍ എത്തുന്നുണ്ട്. പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേസില്‍ അകപ്പെട്ടതിന് ശേഷം ദിലീപ് അഭിനയിച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നുവെങ്കിലും അത്ര വിജയിച്ചില്ല.
എന്നാല്‍ ഇപ്പോള്‍ നടി ഭാവനയുടെ സിനിമാ പോസ്റ്ററിട്ട് ‘ഈ പടം കാണാന്‍ ആരൊക്കെ’ പോകുമെന്നൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി എത്തിയത്. ഇത്തരം പോസ്റ്ററിലൂടെ റീച്ച് കൂട്ടാന്‍ ശ്രമിക്കുന്നവരുണ്ടെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ യാതൊരു പിആര്‍ വര്‍ക്കും ഫാന്‍സിന്റെ ആദരവുമില്ലാതെ അവളുടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ഇതെല്ലാം ഉണ്ടായിട്ടും പണമിറക്കിയിട്ടും ‘ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ’ എന്ന് പരിഹസിക്കുകയും ചെയ്തു. അവള്‍ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്;
ഭാവനയുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഇട്ടിട്ട് ഭാവനയുടെ സിനിമ കാണാന്‍ ആരൊക്കെ പോകും എന്നൊരു പോസ്റ്റ് കണ്ടു. അതില്‍കൂടി റീച്ച് ഉണ്ടാക്കാന്‍ ഒരു ശ്രമം. ഇങ്ങനെയും ചിലര്‍. ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം ഇവിടെ അവളോടൊപ്പം നില്‍ക്കുന്നവര്‍ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നില്‍ക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവള്‍ക്ക് സംഭവിച്ചത് പോലെ മറ്റൊരു പെണ്‍കുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്.
ഈ 8 വര്‍ഷത്തില്‍ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പിആര്‍ വര്‍ക്കും ഇല്ലാതെ ഫാന്‍സിന്റെ ആദരവില്ലാതെ.. അവര്‍ എല്ലാവരും കൂടി ശ്രമിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ? എടോ അവള്‍ക്ക് പിആര്‍ വര്‍ക്ക് ഇല്ല, ഫാന്‍സ് ഇല്ല, കാരണം അവളൊരു സാധാരണ പെണ്‍കുട്ടിയാണ്. എങ്കിലും അവള്‍ പോരാടും അവള്‍ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകള്‍ക്ക്, പെണ്‍ മക്കളുടെ അച്ഛന്മാര്‍ക്ക് സഹോദരന്മാര്‍ക്ക് അത് ആദ്യം മനസിലാക്കുക. എന്നും എന്നും അവളോടൊപ്പം.
ഇനി ഇതിന് താഴെ വന്ന് തെറി വിളിക്കുന്നവരോട്. നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്.’അവളെയും അവളോടൊപ്പം നില്‍ക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളില്‍ ഒരു കൊട്ടേഷന്‍ മനുഷ്യന്‍ ഉണ്ട്, പള്‍സര്‍ സുനിയും കൂട്ടാളികളും ഉണ്ട് ‘എന്ന് സ്വയം തിരിച്ചറിയുക.







